KSDLIVENEWS

Real news for everyone

കാസർഗോഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ വ്യാപാര- വ്യവസായ മേഖലയിൽ വീണ്ടും ആശങ്കയുടെ നാളുകൾ.

SHARE THIS ON

കാസർകോട് ∙ കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ വ്യാപാര- വ്യവസായ മേഖലയിൽ വീണ്ടും ആശങ്കയുടെ നാളുകൾ. കോവിഡിന്റെ ആദ്യ വരവും ലോക്ഡൗണും അതിജീവിച്ച് പഴയ സ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് രോഗവ്യാപനം അതിരൂക്ഷമായത്. അവശ്യ സാധനങ്ങളുടെ മേഖലയിലുള്ളവർക്കൊഴികെ ബാക്കി എല്ലാ രംഗങ്ങളിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി നഷ്ടക്കണക്കുകൾ മാത്രമേ പറയാനുള്ളൂ. കഴിഞ്ഞ വർഷത്തെ വിഷു കോവിഡ് കവർന്നെടുത്തെങ്കിലും ഇത്തവണ സാധാരണ നിലയിൽ വിപണി സജീവമായിരുന്നു. എന്നാൽ റമസാൻ കച്ചവടത്തിന്റെ കാര്യത്തിൽ ഇതോടെ തീരുമാനമായി. സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾക്കു പുറമെ ജില്ലാ ഭരണകൂടം പുറപ്പെടുവിക്കുന്ന ചില അപ്രായോഗിക നിർദേശങ്ങളും പ്രതിസന്ധിക്കു കാരണമാകുന്നതായി സംഘടനകൾ ആരോപിക്കുന്നു ബസുകൾ ഓട്ടം നിർത്തേണ്ടി വരും ദിവസം 1000 മുതൽ 1500 രൂപ വരെ നഷ്ടം സഹിച്ചാണ് ഇപ്പോൾ ബസുകൾ ഓടിക്കുന്നത്. ബസുകളിൽ ഇരുന്നുള്ള യാത്ര മാത്രം മതിയെന്ന നിബന്ധന കാരണം വരുമാനം പകുതിയോളം കുറഞ്ഞു. കോവിഡിനു മുൻപ് 9000 രൂപ വരുമാനം ലഭിച്ചിരുന്ന ബസുകൾക്ക് ഇപ്പോൾ 4000 രൂപ പോലും ലഭിക്കുന്നില്ല. ഇന്ധന ചെലവും തൊഴിലാളികളുടെ ശമ്പളവും എല്ലാം ചേർത്ത് കുറഞ്ഞത് 6000 രൂപയെങ്കിലും ചെലവുണ്ട്. 2020 മാർച്ച് മാസം മുതൽ സെപ്റ്റംബർ വരെ ബസുകൾ ഓടിയിരുന്നില്ല. നിയന്ത്രണങ്ങളിൽ ഇളവ് വന്നതിനു ശേഷം സെപ്റ്റംബർ മുതലാണ് ബസുകൾ ഓടിത്തുടങ്ങിയത്. 7500 രൂപ വരെ ദിവസം ലഭിക്കുന്ന സ്ഥിതിയിലേക്ക് മാറിയപ്പോഴാണ് കോവിഡ് വീണ്ടും രൂക്ഷമാകുന്നത്. നിയന്ത്രണങ്ങൾക്കു പുറമെ ആളുകളിലെ ഭയവും യാത്രക്കാരുടെ എണ്ണം കുത്തനെ കുറച്ചു. കഴിഞ്ഞ മാർച്ച് 31 വരെ സർക്കാർ വാഹന നികുതി ഒഴിവാക്കിയിരുന്നു. ഒരു മാസത്തേക്ക് 10000 രൂപ നികുതിയും തൊഴിലാളി ക്ഷേമനിധിയും എല്ലാം ചേരുമ്പോൾ ബസ് ഓടിയില്ലെങ്കിലും ഇപ്പോൾ 12000 രൂപ ഒരു ബസിന് ഉടമ സർക്കാരിനു നൽകണം. ആരവങ്ങളില്ലാതെ ഓഡിറ്റോറിയങ്ങൾ ഒരു ആഴ്ചയിൽ തന്നെ നാലും അഞ്ചും പരിപാടികൾ നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ഓഡിറ്റോറിയങ്ങൾക്കും കല്യാണ മണ്ഡപങ്ങൾക്കും. കോവിഡ് ഏറ്റവും വലിയ തകർച്ചയുണ്ടാക്കിയത് ഈ രംഗത്താണ്. 75 പേരെ മാത്രമാണ് ഇപ്പോൾ പരിപാടികളിൽ പങ്കെടുപ്പിക്കാവുന്നത്. പങ്കെടുക്കുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യണം. ഇത്തരം അപ്രായോഗിക നിർദേശങ്ങൾ കാരണം ഓഡിറ്റോറിയങ്ങളിൽ പരിപാടി നടത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് ഓഡിറ്റോറിയം ഓണേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.തമ്പാൻ പറയുന്നു. ലോക്ഡൗണിനു ശേഷം മാസങ്ങളോളം ഓഡിറ്റോറിയങ്ങൾ തുറന്നിരുന്നില്ല. ഏറ്റവും ഒടുവിൽ 100 പേരെ പങ്കെടുപ്പിച്ചുള്ള പരിപാടികൾക്കു വരെ സർക്കാർ അനുമതി നൽകുകയും കല്യാണങ്ങളും മറ്റും തുടങ്ങുകയും ചെയ്തു. രോഗവ്യാപനം വർധിച്ചതോടെ 75 ആക്കി ചുരുക്കുകയും നിബന്ധനകൾ കടുപ്പിക്കുകയും ചെയ്തു. പാചകം, ശുചീകരണം തുടങ്ങി തൊഴിലാളികളുണ്ട്. കെട്ടിട- വിനോദ നികുതികൾ ഉൾപ്പെടെ നല്ലൊരു തുക സർക്കാരിന് മാസം നൽകുന്നുണ്ട്. തിയറ്റർ വരുമാനവും കുറഞ്ഞു രാത്രി ഷോ നിർത്തലാക്കിയതോടെ തിയറ്ററുകളുടെ വരുമാനം 40% ഇല്ലാതായി. കോവിഡിനും ലോക്ഡൗണിനും ശേഷം കഴിഞ്ഞ ജനുവരി 11 മുതലാണ് തീയറ്ററുകൾ തുറന്നത്. രാത്രി ഷോ ഇല്ലാത്തതിനാൽ പുതിയ പടങ്ങളൊന്നും ഇല്ലാതെ തമിഴ് ചിത്രങ്ങൾ കൊണ്ടാണ് അഡ്ജസ്റ്റ് ചെയ്തത്. മാർ‌ച്ച് 11ന് മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ് റിലീസ് ചെയ്യുകയും രാത്രി ഷോയ്ക്ക് അനുമതി ലഭിക്കുകയും ചെയ്തു. അതിനു ശേഷം ആളുകൾ കുടുംബസമേതം എത്തിയിരുന്നു. രാത്രിയിലെ ഷോയാണ് തിയറ്റർ വരുമാനത്തിന്റെ പകുതിയോളം. രാത്രി 9.30 ന് തുടങ്ങി 12ന് തീരുന്ന ഷോ. ഇപ്പോൾ 7 മണിക്ക് തുടങ്ങി 9 മണിക്കാണ് ഷോ അവസാനിക്കുന്നത്. ഇതിൽ ആളുകൾ നന്നേ കുറവ്. കുടുംബസമേതം എത്തുന്നവരുടെ എണ്ണവും കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!