കൊറോണ വ്യാപനം; പുകവലി നിരോധിക്കുന്നത് പരിഗണനയിലെന്ന് മുംബൈ കോടതി

മുംബൈ : കൊറോണ വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ പുകവലി നിരോധിക്കുന്നത് പരിഗണനയിലുണ്ടെന്ന് ബോംബെ ഹൈക്കോടതി. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ചവരിൽ പുകവലിക്ക് അടിമപ്പെട്ട എത്ര പേർ ഉണ്ടായിരുന്നുവെന്നതിന്റെ കണക്ക് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം.
പുകവലിയുമായി കൊറോണയ്ക്ക് ബന്ധമുണ്ടോയെന്ന ചോദ്യം ഉന്നയിച്ച കോടതി, രോഗ വ്യാപനം കണക്കിലെടുത്ത് പുകവലിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും പറഞ്ഞു. മഹാമാരിയുടെ രണ്ടാം തരംഗം ഇതിനകം തന്നെ മഹാരാഷ്ട്രയിലും ഉണ്ടായെങ്കിലും, എന്നാൽ ഫലപ്രദമായ ചികിത്സ സൗകര്യങ്ങൾ ക്രമീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അർഷിൽ ഖാൻ പറഞ്ഞു.
മെഡിക്കൽ രംഗത്ത് പ്രതിസന്ധിയുണ്ടായാൽ അത് പൗരന്മാരുടെ അവകാശ ലംഘനമാണെന്ന് കാട്ടിയാണ് കോടതിയിൽ ഹർജി നൽകിയിട്ടുള്ളത് . സിജെ ദീപങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ഹർജിയിൽ കേന്ദ്രസർക്കാരിൽ നിന്നും മഹാരാഷ്ട്ര സർക്കാരിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു.

