KSDLIVENEWS

Real news for everyone

കേരളത്തിൽ ‘എൻ440കെ’ വൈറസ് വകഭേദം; പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷി

SHARE THIS ON

ന്യൂഡൽഹി ∙ കാസർകോട്, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിൽനിന്നു കഴിഞ്ഞ മാസം ആദ്യവാരം വരെ ശേഖരിച്ച സാംപിളുകളിൽ കൊറോണ വൈറസിന്റെ യുകെ വകഭേദം നാമമാത്രമായ തോതിൽ ദൃശ്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജിയുടെ (ഐജിഐബി) പഠനങ്ങൾ വ്യക്തമാക്കുന്നു.

കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കുന്നതിലെ വൈമനസ്യമാണ് സംസ്ഥാനത്ത് ഇപ്പോഴുള്ള വൈറസ് വ്യാപനത്തിനു പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.

ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ (ഇമ്യൂൺ എസ്കേപ്) ശേഷിയുള്ള ‘എൻ440കെ’ വകഭേദം കേരളമുൾപ്പെടെ എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുണ്ടെന്ന് ഐജിഐബിയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. വിനോദ് സ്കറിയ പറഞ്ഞു.

കഴിഞ്ഞ മാസം രണ്ടാം ആഴ്ച മുതൽ കേരളത്തിൽനിന്നു ലഭിച്ചിട്ടുള്ള സാംപിളുകളുടെ ജനിതക ശ്രേണീകരണം പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഇതിന്റെ ഫലം ലഭ്യമാകും. ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിയന്ത്രണ നടപടികളുടെ ഫലം ദൃശ്യമാകാൻ 10 ദിവസമെങ്കിലുമെടുക്കും.

ആരോഗ്യസംവിധാനം കേരളത്തിന്റെ രക്ഷ

കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വൈറസ് സ്വഭാവം പഠിച്ചുള്ള പൊതു വിലയിരുത്തൽ ഇങ്ങനെ:

∙  6–8 മാസംകൊണ്ട് വ്യക്തികളുടെ കോവിഡ് പ്രതിരോധശേഷി കുറയുന്നു. സമൂഹത്തിനു പൊതുവിൽ പ്രതിരോധശേഷി (ഹേഡ് ഇമ്യൂണിറ്റി) കൈവന്നുവെന്നു വിലയിരുത്തപ്പെട്ട ഡൽഹിയിലും മറ്റും രണ്ടാം തരംഗം തീവ്രമായത് ഇതിന്റെ സൂചന.

∙  ഇനി എട്ടാം മാസമാകുമ്പോൾ പുതിയ തരംഗം എന്ന സ്ഥിതി വീണ്ടുമുണ്ടാവാം.

∙  പല തവണ ഇങ്ങനെ സംഭവിച്ചുകഴിയുമ്പോൾ എല്ലാത്തരം വകഭേദങ്ങൾക്കുമെതിരെ പ്രതിരോധശേഷിയുണ്ടാവാം. ഡെങ്കിപ്പനിയുടെ രീതി ഉദാഹരണം. ഇത്തരമൊരു സാഹചര്യത്തിന് ഏതാനും വർഷമെടുക്കാം.

∙  കൂടുതൽ മരണങ്ങൾക്കു കാരണം വൈറസിന്റെ തീവ്രതയെക്കാൾ വൈദ്യസഹായത്തിലെ കുറവുകൾ. കേരളത്തിൽ മരണനിരക്ക് 0.5%, ഡൽഹിയിൽ 1.5%. ഡൽഹിയിൽ 10 ലക്ഷം പേർക്ക് 1500 കിടക്ക എന്നതാണ് ആശുപത്രി സൗകര്യം, കേരളത്തിൽ 10 ലക്ഷത്തിന് 5000 കിടക്ക. കേരളത്തിലെ ആശുപത്രിശേഷിയുടെ 50% പോലും ഉപയോഗിക്കേണ്ട സ്ഥിതി വന്നിട്ടില്ല.

∙  കേരളത്തിൽ 10% പേർ പോലും കോവിഡ് പ്രതിരോധശേഷി നേടിയിട്ടില്ല. വാക്സീനുകൾ വൈറസ് വ്യാപനം വലിയ തോതിൽ കുറയ്ക്കുന്നില്ലെങ്കിലും മരണനിരക്കു കുറയുന്നതിൽ വലിയ പങ്കുണ്ട്. യുഎസിൽ വാക്സീൻ സ്വീകരിച്ചവരിൽ വൈറസ് ബാധിതരായ വയോജനങ്ങളുടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ബംഗാളിലെ പുതിയ വകഭേദം

മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ തുടങ്ങി 10 സംസ്ഥാനങ്ങളിൽ ഇരട്ട വ്യതിയാനം സംഭവിച്ച ബി.1.617 വകഭേദമാണ് പ്രതിസന്ധിക്കു കാരണമായത്. വൈറസിന്റെ ഇരട്ട വ്യതിയാനം ഇന്ത്യയിൽതന്നെ സംഭവിച്ചതാണ്. യുകെ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ വകഭേദം എത്തിയത് ഇന്ത്യയിൽനിന്നാണ്. ബംഗാളിൽ 3 വ്യതിയാനങ്ങൾ സംഭവിച്ച വകഭേദദം (ബി.1.618) ഒക്ടോബർ മുതൽ കണ്ടു തുടങ്ങി. ഇപ്പോൾ ബംഗാളിൽ കാണുന്നതിൽ 15–20 ശതമാനം വരെ ഈ വകഭേദമാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!