KSDLIVENEWS

Real news for everyone

പണമുള്ളവര്‍ക്കു മാത്രം വാക്‌സിന്‍ എന്ന നിലപാട് സ്വീകരിക്കില്ല; കേരളം സൗജന്യമായി നല്‍കും-മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതന്ത്ര ഇന്ത്യയിൽ ഇത്രകാലം തുടർന്നുവന്ന സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ എന്ന നയം നടപ്പിലാക്കാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കോവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേന്ദ്രസർക്കാർ സ്വീകരിച്ച പുതിയ വാക്സിൻ നയം സംസ്ഥാന സർക്കാരുകൾക്കു മേൽ വലിയ ഭാരം അടിച്ചേൽപിക്കുന്നതാണ്. ഇക്കാര്യം പ്രധാനമന്ത്രിയുടെ കോൺഫറൻസിൽ വ്യക്തമായി പറഞ്ഞിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് കൈമാറിയതാണ് പ്രശ്നം. കേന്ദ്രസർക്കാരിന് 150 രൂപയ്ക്ക് നൽകുന്ന വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് ക്വാട്ട നിശ്ചയിക്കാത്തതിനാൽ വാക്സിനു വേണ്ടിയുള്ള മത്സരവും ഉടലെടുക്കാൻ സാധ്യതയുണ്ട്. ലക്ഷക്കണക്കിന് മനുഷ്യരെ നിത്യേന രോഗികളാക്കുന്ന മഹാമാരിയെ നേരിടുമ്പോൾ ഒട്ടും ആശാസ്യമായ അവസ്ഥയല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതൽ വിഷമതകളിലേക്ക് തള്ളിവിടുന്നതാണ് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വാക്സിൻ നയം. കയ്യിൽ പണം ഉള്ളവർ മാത്രം വാക്സിൻ സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാവില്ല. സ്വതന്ത്ര ഇന്ത്യയിൽ ഇത്രകാലം തുടർന്നുവന്ന സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ എന്ന നയം നടപ്പിലാക്കാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്യും. ഈ മഹാമാരിയെ തടയാൻ നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് വാക്സിനേഷൻ. ഭൂരിഭാഗം പേരും വാക്സിനേഷൻ സ്വീകരിച്ചാൽ മാത്രമേ സമൂഹത്തിന് പ്രതിരോധം ആർജിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!