ഗണേശിന്റെ വഴിയടച്ചത് കുടുംബപ്രശ്നം? സഹോദരി മുഖ്യമന്ത്രിയെ കണ്ടെന്ന് സൂചന

തിരുവനന്തപുരം∙ കേരള കോൺഗ്രസ് (ബി) നേതാവ് കെ.ബി.ഗണേഷ് കുമാറിന് പിണറായി മന്ത്രിസഭയിൽ ആദ്യ ടേമിൽ മന്ത്രിസ്ഥാനം ലഭിക്കാത്തതിനു പിന്നിൽ സഹോദരിയുടെ പരാതിയെന്നു സൂചന. കുടുംബപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സഹോദരി ഉഷ മുഖ്യമന്ത്രി പിണറായിയെയും കോടിയേരി ബാലകൃഷ്ണനെയും കണ്ടതോടെ പ്രശ്നം പരിഹരിച്ചശേഷം മന്ത്രിയാകാമെന്ന നിർദേശം സിപിഎം നേതൃത്വം മുന്നോട്ടുവച്ചു.
എന്നാൽ ആദ്യ ടേമിൽ മന്ത്രിയാകാത്തതിന് കാരണം രാഷ്ട്രീയകാരണമെന്ന് കെ.ബി.ഗണേഷ് കുമാർ പ്രതികരിച്ചു. സാമൂഹികപരിഗണനകൾ കൂടി പരിഗണിച്ചാണ് എൽഡിഎഫിന്റെ തീരുമാനം. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. സഹോദരി നൽകിയ പരാതിയെ തുടർണെന്ന ആരോപണം ഗണേഷ് നിഷേധിച്ചു.
പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തില്‍നിന്ന് തന്നെ ഒഴിവാക്കിയതിനെ സംബന്ധിച്ചാണ് ഉഷ സിപിഎം നേതാക്കളോട് പരാതി പറഞ്ഞതെന്നറിയുന്നു. ‘ചില കുടുംബപ്രശ്നങ്ങളുണ്ടെന്നും അത് കുടുംബത്തില്‍തന്നെ പരിഹരിക്കാനാകുമെന്നു വിചാരിക്കുന്നതായും സഹോദരി ഉഷ മനോരമ ഓൺലൈനോട് പറഞ്ഞു.
സ്വത്ത് തർക്കത്തിലും മറ്റു ചില ഇടപാടുകളിലും ഗണേഷിനെതിരെയുള്ള തെളിവുകൾ സഹോദരി ഹാജരാക്കിയതോടെ പ്രശ്നം പരിഹരിച്ചശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന നിലപാടിലേക്കു സിപിഎം നേതൃത്വം എത്തി. എൽഡിഎഫ് യോഗത്തിനുശേഷം ഗണേഷ് കുമാറിനെ ഇക്കാര്യം അറിയിച്ചു.
മേയ് മൂന്നിനാണ് ആർ.ബാലകൃഷ്ണപിള്ള അന്തരിക്കുന്നത്. ഇതിനുശേഷമാണ് കുടുംബത്തിൽ സ്വത്ത് തർക്കം ഉണ്ടായത്. 2001 മുതൽ കെ.ബി.ഗണേഷ് കുമാർ പത്തനാപുരം എംഎൽഎയാണ്. 2011ൽ ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായെങ്കിലും ഭാര്യ ഗാർഹിക പീഡന പരാതി നൽകിയതിനെത്തുടർന്ന് 2013ൽ രാജിവച്ചു.
സഹോദരി ഉഷയുടെ പ്രതികരണം:
∙മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ വാസ്തവമുണ്ടോ?
വാർത്തയെക്കുറിച്ച് അറിയില്ല. നമ്മുടെ അറിവോടെയുള്ള വാർത്തയല്ല.
∙ പരാതി കൊടുത്തിട്ടുണ്ടോ?
പരാതി ഇല്ല. ഒരു പരാതിയും കൊടുത്തിട്ടില്ല. കുടുംബ പ്രശ്നം ചിലതുണ്ട്. അത് കുടുംബത്തില്‍തന്നെ പരിഹരിക്കാമെന്നു വിചാരിക്കുന്നു. മീഡിയ വഴി പോകേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
∙ മുഖ്യമന്ത്രിയെ കണ്ടിരുന്നോ?
പരാതി അല്ല അത്. ഈ അവസരത്തിൽ അതിനെക്കുറിച്ച് ഒന്നും പറയാനില്ല.
∙ വിൽപത്രം സംബന്ധിച്ചാണോ തർക്കം?
ഇപ്പോൾ അതേക്കുറിച്ച് പുറത്തുപറയാൻ താൽപര്യപ്പെടുന്നില്ല.


