കാസർഗോഡ് ജില്ലയിൽ പ്രതിവാര കോവിഡ് പരിശോധന 40000ലേക്ക് ഉയര്‍ത്തും: ജില്ലാ കളക്ടര്‍

കാസര്‍കോട്: ജില്ലയില്‍ പ്രതിവാര കൊവിഡ് പരിശോധനകളുടെ എണ്ണം 40000 ലേക്ക് ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആര്‍) കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞയാഴ്ച 33075 പേരാണ് പരിശോധന നടത്തിയത്. പ്രാഥമിക സമ്ബര്‍ക്കത്തില്‍പ്പെട്ടവര്‍ നിര്‍ബന്ധമായും പരിശോധന നടത്തണമെന്നും കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകയിലേക്കുള്ള യാത്രാനിയന്ത്രണവുമായി ബന്ധപ്പെട്ട് മംഗളൂരു ജില്ലാ ഭരണാധികാരിയുമായി സംസാരിക്കും. അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിനപ്പുറം മനുഷ്യജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
പൊതുജനങ്ങളുമായി കൂടുതല്‍ സമ്ബര്‍ക്കമുണ്ടാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായി കൊവിഡ് പരിശോധന നടത്തണം. ഈ വിഭാഗങ്ങളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് രോഗസ്ഥിരീകരണം കൂടുതലാണ്. വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 19ന് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ജില്ലയില്‍ കൊവിഡ് വാക്സിനേഷന്‍ ഡ്രൈവ് നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ സാഹചര്യം പഠിക്കും
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പഠിച്ചതിന് ശേഷം നിലപാട് എടുക്കും. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സെല്ലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതിന് ശേഷം എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

