KSDLIVENEWS

Real news for everyone

രണ്ടരവര്‍ഷം മുമ്പ് പ്രണയവിവാഹം, യുവതി ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍; ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

SHARE THIS ON

പാലക്കാട്: തിരുമിറ്റക്കോട് യുവതിയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയുടെ മരണത്തിലാണ് ബന്ധുക്കൾ പരാതി ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൃഷ്ണപ്രഭയെ ഭർത്താവ് ശിവരാജിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്തൃവീട്ടുകാരുടെ മാനസികപീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. പ്രണയത്തിലായിരുന്ന ഇരുവരും രണ്ടരവർഷം മുമ്പാണ് വിവാഹിതരായത്. പ്രണയവിവാഹത്തിന് ശേഷം യുവതി സ്വന്തം വീട്ടുകാരുമായി അധികം ബന്ധം പുലർത്തിയിരുന്നില്ല. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് കൃഷ്ണപ്രഭ വീട്ടുകാരെ ഫോണിൽ വിളിക്കുകയും ഭർത്തൃവീട്ടിൽ വലിയ പീഡനം നേരിടുകയാണെന്നും പറഞ്ഞു. ഇതിനുപിന്നാലെയാണ് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണപ്രഭയുടെ മരണത്തിന് കാരണം ഭർത്തൃവീട്ടുകാരുടെ പീഡനമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കൃഷ്ണപ്രഭയുടെ അച്ഛൻ ചെറുതുരുത്തി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ഭർത്തൃവീട്ടുകാർക്കെതിരേ കർശന നടപടി വേണമെന്നുമാണ് ഇവരുടെ ആവശ്യം. നിലവിൽ അസ്വാഭാവിക മരണത്തിനാണ് ചെറുതുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൃതദേഹപരിശോധനയിൽ ശാരീരികപീഡനത്തിന്റെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും മറ്റുകാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!