KSDLIVENEWS

Real news for everyone

കാസര്‍കോട് കവര്‍ച്ച ; പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

SHARE THIS ON

കാസര്‍കോട് സ്വര്‍ണ വ്യാപാരിയുടെ 65 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ദൃശ്യങ്ങളിലുള്ള അഞ്ചുപേരും കണ്ണൂര്‍, കോഴിക്കോട് സ്വദേശികളാണെന്നാണ് സൂചന.

മൂന്നുകോടി രൂപയോളം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍.

കഴിഞ്ഞ ബുധനാഴ്ച ഉച്ചക്കാണ് മംഗളൂരു കാസര്‍കോട് ദേശീയപാതയിലെ മൊഗ്രാല്‍പുത്തൂര്‍ പാലത്തിനുസമീപം കാര്‍ തടഞ്ഞു പണം തട്ടിയത്. ഡ്രൈവറെ തട്ടിക്കൊണ്ടുപോവുകയും പയ്യന്നൂരില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കവര്‍ച്ചയ്ക്കുശേഷം പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

കാര്‍ മംഗളൂരുവില്‍നിന്ന് തലശ്ശേരിയിലേക്ക് പണവുമായി പോവുകയായിരുന്നു. വ്യാജ നമ്ബര്‍ പതിച്ച കാറുകളിലായിരുന്നു പ്രതികള്‍ സഞ്ചരിച്ചിരുന്നത്. പ്രതികള്‍ കോഴിക്കോട് വരെ സഞ്ചരിച്ചതിന്‍റെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണവ്യാപാരിയുടെ പണം സമാനമായ രീതിയില്‍ 2016ല്‍ ചെര്‍ക്കളയില്‍ വച്ച്‌ കവര്‍ന്നിരുന്നു. അന്ന് നഷ്ടപ്പെട്ടത് ഒന്നേകാല്‍ കോടിയാണ്.

തലശ്ശേരിയില്‍വന്ന് വര്‍ഷങ്ങളായി സ്വര്‍ണക്കച്ചവടം ചെയ്യുന്നയാളാണ് കൈലാസ് എന്ന ഈ വ്യാപാരി. പണം നഷ്ടപ്പെട്ടത് ബുധനാഴ്ച ആണെങ്കിലും ഒരു ദിവസം വൈകി വെള്ളിയാഴ്ചയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്. 65 ലക്ഷം നഷ്ടപ്പെട്ടു എന്നാണ് പരാതിയെങ്കിലും മൂന്ന് കോടി രൂപയെങ്കിലും ഉണ്ടാകാം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!