എന്‍.ഐ.എയ്ക്ക് തിരിച്ചടി; സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയ്ക്ക് തിരിച്ചടി. സ്വപ്ന സുരേഷ് അടക്കമുള്ള മുഖ്യപ്രതികൾക്കെല്ലാം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സ്വപ്ന അടക്കമുള്ളവർ ജയിൽ മോചിതരാകും.
സ്വർണക്കടത്തിൽ യു.എ.പി.എ. ചുമത്തി എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി മുഖ്യപ്രതികൾക്കെല്ലാം ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്വപ്ന സുരേഷിന് പുറമേ പി.എസ്. സരിത്ത്, കെ.ടി. റമീസ്, ജലാൽ തുടങ്ങിയവരാണ് കേസിലെ പ്രധാനപ്രതികൾ.
പ്രതികൾക്കെതിരെ യു.എ.പി.എ. കുറ്റം നിലനിൽക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എൻ.ഐ.എ.യുടെ വാദം. എന്നാൽ ഈ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്.
25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവിൽ കരുതൽ തടങ്കൽ പൂർത്തിയാക്കിയ സ്വപ്നയ്ക്കും സരിത്തിനും ഈ തുക കെട്ടിവെച്ചാൽ പുറത്തിറങ്ങാം. മറ്റുപ്രതികളായ കെ.ടി. റമീസ്, ജലാൽ തുടങ്ങിയവർ കരുതൽ തടങ്കലിലാണ്. ഈ മാസം അവസാനത്തോടെ ഇവർക്കും ജയിലിൽനിന്ന് പുറത്തിറങ്ങാനാകും.
എൻ.ഐ.എ. രാജ്യത്ത് രജിസ്റ്റർ ചെയ്ത ആദ്യത്തെ സ്വർണക്കടത്ത് കേസായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ളത്. കേസിന്റെ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

