അപേക്ഷ നൽകിയിട്ടും ലഭിക്കാതെ പ്ലസ് വൺ സീറ്റ് കാത്ത് ജില്ലയിൽ1,486 വിദ്യാർത്ഥികൾ

കാസർകോട് ∙ പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്നു പൂർത്തിയാകും. ജില്ലയിൽ അപേക്ഷ നൽകിയിട്ട് ലഭിക്കാത്ത 1486 വിദ്യാർഥികളാണുള്ളത്. കാസർകോട് താലൂക്കിൽ 620, ഹോസ്ദുർഗിൽ 128, മഞ്ചേശ്വരത്ത് 738 സീറ്റുകളും കുറവാണ്. എന്നാൽ വെള്ളരിക്കുണ്ട് താലൂക്കിൽ 316 സീറ്റ് കൂടുതലുണ്ട്. എല്ലാ കോംബിനേഷനുകളിലും വെള്ളരിക്കുണ്ടിൽ സീറ്റ് ബാക്കിയുണ്ട്.
പ്ലസ് വൺ സീറ്റ് ക്ഷാമം സംബന്ധിച്ചുള്ള കോൺഗ്രസ് എംഎൽഎമാരുടെ ചോദ്യങ്ങൾക്കു മറുപടിയായി സർക്കാർ നിയമസഭയിൽ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം കൂടുതലാണെന്നും അവർ കുറച്ച് ഓപ്ഷനുകൾ മാത്രം രേഖപ്പെടുത്തിയതാണു പ്രവേശനം ലഭിക്കാത്തതിനു കാരണമെന്നുമാണ് സർക്കാർ വാദിക്കുന്നത്.
ഡിമാൻഡ് കൊമേഴ്സിന്
ജില്ലയിൽ അപേക്ഷ നൽകിയവരിൽ കൂടുതൽ പേർക്കു ലഭിക്കാതെ വന്നത് കൊമേഴ്സാണ്. 1,133 സീറ്റുകളാണു ജില്ലയിൽ കുറവ്. കാസർകോട് താലൂക്കിൽ 433, ഹോസ്ദുർഗിൽ 163, മഞ്ചേശ്വരത്ത് 515 എന്നിങ്ങനെയാണു കൊമേഴ്സിനു സീറ്റ് കുറവ്. വെള്ളരിക്കുണ്ട് താലൂക്കിൽ സയൻസ് 76, ഹ്യുമാനിറ്റീസ് 133, കൊമേഴ്സ് 107 എന്നിങ്ങനെ സീറ്റുകൾ അധികമായുണ്ട്. എന്നാൽ ഗ്രാമീണ മേഖലയായതിനാലും പല സ്കൂളുകളിലേക്കും എത്തിച്ചേരാൻ യാത്രാ സൗകര്യം കുറവായതിനാലുമാണ് ഇവിടേക്ക് അപേക്ഷ നൽകാൻ വിദ്യാർഥികൾ മടിക്കുന്നത്.
സീറ്റ് വർധന 10%
വെള്ളിയാഴ്ചയോടെ സർക്കാർ സ്കൂളുകളിലെ 10% പ്ലസ്‌വൺ സീറ്റ് വർധന നിലവിൽ വരും. ഇതിനു ശേഷം സ്കൂൾ ട്രാൻസ്ഫറിനുള്ള അവസരമുണ്ട്. പിന്നീട് രണ്ടാം സപ്ലിമന്ററി അലോട്ട്മെന്റും നടത്തും. വിഎച്ച്എസ്ഇ സ്കൂളുകളിൽ ഒട്ടേറെ കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. കുട്ടികൾക്കു തുടർ പഠനത്തിനുള്ള അവസരം നഷ്ടമാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ജില്ലയിലെ സീറ്റ് കുറവ്
സയൻസ് : 350
ഹ്യുമാനിറ്റീസ് : 64
കൊമേഴ്സ് : 1,133

