പുനീത് രാജ്കുമാറിന്റെ മരണം: കര്‍ണാടകയില്‍ ജിമ്മുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

ബംഗളൂരു: കന്നട നടൻ പുനീത് രാജ്കുമാറിന്റെ മരണത്തെ തുടർന്ന് ജിമ്മുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി കർണാടക സർക്കാർ. ഹൃദയസംബന്ധമായ അടിയന്തര പ്രശ്നങ്ങൾ വരുമ്പോൾ അത് കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ കാര്യപ്രാപ്തരാക്കണമെന്നടക്കമുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ജിമ്മുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു.
‘പുനീതിന്റെ മരണത്തിന് ശേഷം ജിമ്മിലെ അമിതമായ വർക്കൗട്ടുകൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഒട്ടേറെ പേർ പങ്കുവച്ചിരുന്നു. കാർഡിയോളജിസ്റ്റുകളടക്കമുള്ള ആരോഗ്യവിദഗ്ദ്ധരുമായി ചർച്ച ചെയ്ത് ഒരു രൂപരേഖയുണ്ടാക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ഫസ്റ്റ് എയ്ഡ് നൽകാൻ ജിം പരിശീലകരെ കാര്യപ്രാപ്തരാക്കാനുള്ള നിർദ്ദേശങ്ങളും അതിൽ ഉൾപ്പെടുന്നു.”- മന്ത്രി പറഞ്ഞു.
ജിമ്മിൽ വ്യായാമം ചെയ്തതിന് ശേഷമായിരുന്നു പുനീതിന് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹം കുടുംബ ഡോക്ടറായ രമണ റാവുവിന്റെ ക്ലിനിക്കിലെത്തി ചികിത്സ തേടി. പുനീതിന് അമിതമായ രക്തസമ്മർദ്ദമോ അസ്വാഭാവികമായ ഹൃദയമിടിപ്പോ ഉണ്ടായിരുന്നില്ലെന്ന് രമണ റാവു പറയുന്നു. എന്നാൽ ഇ.സി.ജിയിൽ ചെറിയ വ്യതിയാനമുണ്ടായിരുന്നു. തുടർന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി വിക്രം ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെ എത്തിയപ്പോഴേക്കും പ്രശ്നങ്ങൾ ഗുരുതരമാവുകയും ഒടുവിൽ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. വ്യായാമവുമായി പുനീതിന്റെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്നും രമണ റാവു കൂട്ടിച്ചേർത്തു.

