ഒറ്റയാള്‍ പോരാട്ടവുമായി ഹെറ്റ്മയര്‍; ലങ്കയോടും തോറ്റ വിന്‍ഡീസ് നിര സെമി കാണാതെ പുറത്ത്



അബുദാബി: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റിൻഡീസിനെ 20 റൺസിന് പരാജയപ്പെടുത്തി ശ്രീലങ്ക.
ലങ്ക ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസിലെത്താനേ സാധിച്ചുള്ളൂ.
തോൽവിയോടെ വിൻഡീസിന്റെ സെമി മോഹങ്ങൾ പൂർണമായും അവസാനിച്ചു. ലങ്ക നേരത്തെ തന്നെ പുറത്തായിരുന്നു.
നിക്കോളാസ് പുരനും ഷിംറോൺ ഹെറ്റ്മയർക്കും മാത്രമാണ് ലങ്കൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായത്. വിൻഡീസിന്റെ പേരുകേട്ട ബാറ്റിങ് നിരയിലെ മറ്റാർക്കും തന്നെ അതിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല.null
54 പന്തിൽ നിന്ന് നാലു സിക്സും എട്ടു ഫോറുമടക്കം 81 റൺസോടെ പുറത്താകാതെ നിന്ന ഹെറ്റ്മയറാണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഹെറ്റ്മയർ അവസാന ഓവർ വരെ പൊരുതി നോക്കിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായിരുന്നില്ല.
നിക്കോളാസ് പുരൻ 34 പന്തുകൾ നേരിട്ട് ഒരു സിക്സും ആറു ഫോറുമടക്കം 46 റൺസെടുത്തു.
വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ കാത്തിരുന്നത് പതിവ് തകർച്ചയായിരുന്നു. രണ്ട് ഓവറിനുള്ളിൽ തന്നെ ഓപ്പണർമാരായ ക്രിസ് ഗെയ്ൽ (1), എവിൻ ലൂയിസ് (8) എന്നിവർ ഡഗ്ഔട്ടിൽ തിരിച്ചെത്തി. രണ്ടാം ഓവറിൽ ബിനുര ഫെർണാണ്ടോയാണ് ഇരുവരെയും മടക്കിയത്.
ആറാം ഓവറിൽ ഒമ്പത് റൺസുമായി റോസ്റ്റൺ ചേസും മടങ്ങി. ആന്ദ്രേ റസ്സൽ (2), ക്യാപ്റ്റൻ കിറോൺ പൊള്ളാർഡ് (0) എന്നിവരെല്ലാം പതിവുപോലെ നിരാശപ്പെടുത്തിയതോടെ വിൻഡീസിന് കാര്യങ്ങൾ കടുപ്പമായി.
ഡ്വെയ്ൻ ബ്രാവോ (2), ജേസൺ ഹോൾഡർ (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.
ലങ്കയ്ക്കായി ബിനുര ഫെർണാണ്ടോ, ചാമിക കരുണരത്നെ, വാനിന്ദു ഹസരംഗ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക അർധ സെഞ്ചുറി നേടിയ ഓപ്പണർ പഥും നിസ്സങ്കയുടെയും ചരിത് അസലങ്കയുടെയും മികവിൽ നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തിരുന്നു.
41 പന്തിൽ നിന്ന് എട്ടു ഫോറും ഒരു സിക്സുമടക്കം 68 റൺസെടുത്ത അലസങ്കയാണ് ലങ്കയുടെ ടോപ് സ്കോറർ.
രണ്ടാം വിക്കറ്റിൽ നിസ്സങ്കയും അസലങ്കയും ചേർന്ന് കൂട്ടിച്ചേർത്ത 91 റൺസാണ് ലങ്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 41 പന്തുകൾ നേരിട്ട നിസ്സങ്ക അഞ്ചു ഫോറടക്കം 51 റൺസെടുത്ത് പുറത്തായി.
21 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 29 റൺസെടുത്ത കുശാൽ പെരേരയാണ് പുറത്തായ മറ്റൊരു താരം.
ക്യാപ്റ്റൻ ദസുൻ ഷാനക 14 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 25 റൺസോടെ പുറത്താകാതെ നിന്നു.
ശ്രീലങ്കയ്ക്കെതിരേ ടോസ് നേടിയ വെസ്റ്റിൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിൻഡീസ് ടീമിൽ മാറ്റങ്ങളില്ല. ലങ്കൻ ടീമിൽ ലഹിരു കുമാരയ്ക്ക് പകരം ബിനുര ഫെർണാണ്ടോ ഇടംനേടി.

