ലോകായുക്ത നിയമഭേദഗതി: എതിർപ്പുമായി സിപിഐ മന്ത്രിമാര്‍; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം∙ ലോകായുക്ത നിയമഭേദഗതിയിൽ മന്ത്രിസഭാ യോഗത്തിൽ വിയോജിപ്പ് അറിയിച്ച് സിപിഐ മന്ത്രിമാർ. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന പാർട്ടി നിലപാടാണ് മന്ത്രിമാർ അറിയിച്ചത്.
മന്ത്രിസഭായോഗം നേരത്തേ ഇക്കാര്യം പരിഗണിച്ചപ്പോൾ സിപിഐ മന്ത്രിമാർ വിയോജിപ്പ് രേഖപ്പെടുത്താതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പഠിക്കാൻ സമയം വേണമെന്നു സിപിഐ മന്ത്രിമാർ ആവശ്യപ്പെട്ടപ്പോൾ ഒരു തവണ വിഷയം മാറ്റിവച്ചിരുന്നു. പിന്നീട് പരിഗണനയ്ക്കു വന്നപ്പോൾ സിപിഐ മന്ത്രിമാർ പഠിച്ചു കാണുമെന്ന് കരുതിയതായും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കാത്ത സിപിഐ മന്ത്രിമാർക്കെതിരെ പാർട്ടിയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ, തീരുമാനം പാർട്ടി സെന്ററിനെ അറിയിച്ചെന്നും മറുപടി ലഭിച്ചില്ലെന്നുമായിരുന്നു മന്ത്രിമാരുടെ വിശദീകരണം.
ലോകായുക്ത നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന നിലപാടിലാണ് സിപിഐ. ലോകായുക്ത വിധിക്കെതിരെ സർക്കാരിന് അപ്പീൽ പോകാനുള്ള വ്യവസ്ഥ നിയമത്തിൽ ഉൾക്കൊള്ളിക്കണമെന്നും പാർട്ടി വാദിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരസ്യമായ വിമർശനം ഉന്നയിച്ചതോടെ ഇരു പാർട്ടികളും ചർച്ച നടത്തി സമവായത്തിലെത്തുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയത്.
കേന്ദ്ര–സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച ജസ്റ്റിസ് മദൻ മോഹൻ പൂഞ്ചി കമ്മിഷൻ റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ചു. റിപ്പോർട്ടിൽ നിർദേശിക്കേണ്ട ഭേദഗതികൾ മന്ത്രിസഭായോഗം അംഗീകരിച്ചു. യുപിഎ സർക്കാരാണ് 2010 ൽ കമ്മിഷനെ നിയമിച്ചത്

