ആറ്റിങ്ങൽ പട്ടണത്തെ ഭീതിയിലാഴ്ത്തി മദ്യപസംഘത്തിന്റെ മരണപ്പാച്ചിൽ: ഓട്ടോയിലിടിച്ചു യാത്രക്കാരിക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ∙ പട്ടണത്തെ ഭീതിയിലാഴ്ത്തി മദ്യപസംഘത്തിന്റെ മരണപ്പാച്ചിൽ . മൂന്നു പേർ സഞ്ചരിച്ച കാർ ആറ്റിങ്ങൽ നഗരസഭ ഓഫിസിന് മുന്നിൽ വച്ച് അപകടത്തിൽപെട്ടു. അമിത വേഗത്തിൽ നിയന്ത്രണം തെറ്റി പാഞ്ഞ കാർ മുന്നിൽ പോവുകയായിരുന്ന ഓട്ടോയിലിടിച്ചു യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. കാർ യാത്രക്കാരായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടതായി രക്ഷാപ്രവർത്തനത്തിനെത്തിയവർ പറഞ്ഞു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന കടയ്ക്കാവൂർ ദിവ്യ ഭവനിൽ ദിവ്യ (30)യ്ക്കാണ് പരുക്കേറ്റത്.
ഇടിയുടെ ആഘാതത്തിൽ ദിവ്യ ഓട്ടോയിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരുക്കേറ്റ ദിവ്യയെ നഗരസഭയുടെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർക്കും പരുക്കുണ്ട്. കടയ്ക്കാവൂർ വയലിൽ വീട്ടിൽ രാജു (40) കിളിമാനൂർ പുതിയകാവ് ആറുപറത്തലയ്ക്കൽ വീട്ടിൽ ജഹാംഗീർ (55) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിൽ നിന്ന് വിദേശമദ്യം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ദേശീയപാതയിൽ വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്നു രണ്ട് വാഹനങ്ങളും.
നാലുവരിപ്പാതയിൽ വൺവേയുടെ ഇരുവശത്തുമായി ഡിവൈഡറിന്റെയും നടപ്പാതയുടെയും പലഭാഗത്തും കാർ ഇടിച്ച് കയറി . കാറിൽ ഉണ്ടായിരുന്ന രണ്ടു പേരെ നാട്ടുകാർ തടഞ്ഞു നിർത്തി പൊലീസിൽ ഏൽപിച്ചു. പിടിയിലായ ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ഡി. മിഥുൻ പറഞ്ഞു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു

