എനിക്കെന്റെ കണ്ണീരിനെ നിയന്ത്രിക്കാനായില്ല; കോഹ്ലിയുടെ അമൂല്യ സമ്മാനത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് സച്ചിന്

2013 ല്‍ ക്രിക്കറ്റിനോടു വിടപറയുന്ന വൈകാരിക നിമിഷത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തനിക്ക് നല്കിയ അമൂല്യസമ്മാനത്തെക്കുറിച്ച് ഓര്‍ത്തെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍.
അവസാന ടെസ്റ്റിന് ശേഷം നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിനു ശേഷം ടീം ഡ്രസ്സിങ് റൂമില്‍ നിറകണ്ണുകളോടെ ഇരുന്ന തന്റെയടുത്തേക്ക് വിരാട് കോഹ്ലി എത്തി ഒരമൂല്യ സമ്മാനം നല്‍കിയെന്നും തനിക്ക് തന്റെ കണ്ണീരിനെ നിയന്ത്രിക്കാനായില്ലെന്നും സച്ചിന് പറഞ്ഞു.
“വിടവാങ്ങല്‍ പ്രസംഗത്തിന് ശേഷം ഞാന്‍ ഡ്രസ്സിങ് റൂമിലേക്ക് നടന്നു. അത്യന്തം വൈകാരികമായിരുന്നു ആ നിമിഷങ്ങള്‍. ഡ്രസ്സിങ് റൂമിന്റെ ഒരറ്റത്ത് കയ്യിലൊരു തൂവാലയും പിടിച്ച് ഞാന്‍ കണ്ണീരോടെ ഇരുന്നു. പല ഓര്‍മകളും മനസ്സിലേക്ക് ഓടിയെത്തി. ആ സമയത്താണ് വിരാട് എന്റെ അടുക്കലേക്ക് വരുന്നത്. അദ്ദേഹം ഒരു ചരട് എന്റെ കയ്യില്‍ വച്ചു തന്നു. തന്റെ അച്ഛന് തനിക്ക് നല്കിയ അമൂല്യമായൊരു സമ്മാനമാണതെന്നും അത് എനിക്ക് സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവന് എന്നോടുപറഞ്ഞു. എനിക്കെന്റെ കണ്ണീരിനെ നിയന്ത്രിക്കാനായില്ല. കുറച്ചു നേരം ആ ചരട് ഞാനെന്റെ കയ്യില്‍ വച്ച ശേഷം കോഹ്ലിക്ക് തന്നെ തിരിച്ചു നല്കി. ഇത് ഏറെ അമൂല്യമാണെന്നും അച്ഛന് നല്‍കിയത് കൊണ്ട് മരണം വരെ ഇത് നിന്റെ കയ്യില്‍ തന്നെ ഉണ്ടാവണമെന്നും ഞാനവനോട് പറഞ്ഞു”- സച്ചിന് ഓര്‍ത്തടുത്തു
ഇതിനെക്കുറിച്ച് കോഹ്ലിയോട് ചോദിച്ചപ്പോള്‍ കോഹ്ലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
“ഇന്ത്യയില്‍ സാധാരണയായി ആളുകള്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി ചരടുകള്‍ കയ്യില്‍ അണിയാറുണ്ട്. ഒരിക്കല്‍ എന്റെ അച്ഛന് എനിക്ക് സമ്മാനിച്ചതായിരുന്നു ആ ചരട്. അത്രമേല്‍ അമൂല്യമായി ഞാന്‍ അതിനെ എന്റെ ബാഗില്‍ സൂക്ഷിച്ചു. എന്നാല്‍ സച്ചിന് വിരമിക്കുന്ന സമയത്ത് എനിക്കത് അദ്ദേഹത്തിന് സമ്മാനിക്കണമെന്ന് തോന്നി. എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായൊരു വസ്തു ഞാനേറെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് സമ്മാനിക്കുന്നതിനേക്കാള്‍ വലുതായെന്തുണ്ട്. ഇതിനേക്കാള്‍ വലുതൊന്നും എനിക്ക് നിങ്ങള്‍ക്ക് നല്‍കാനില്ലെന്നും നിങ്ങള്‍ എന്നെ പ്രചോദിപ്പിച്ചതു പോലെ മറ്റാരും എന്നെ പ്രചോദിപ്പിച്ചിട്ടില്ലെന്നും ഞാന്‍ സച്ചിനോട് പറഞ്ഞു.”- കോഹ്ലി പറഞ്ഞു.

