KSDLIVENEWS

Real news for everyone

50 ശതമാനം സേന സജ്ജരായി; പുടിൻ ഈ ആഴ്ച യുദ്ധം തുടങ്ങിയേക്കുമെന്ന് യുഎസ്

SHARE THIS ON

വാഷിങ്ടൻ ∙ യുക്രെയ്ൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിട്ടുള്ള സേനയിൽ 50 ശതമാനം ആക്രമണത്തിനു സജ്ജരായിക്കഴിഞ്ഞുവെന്നു യുഎസ്. 1,50,000 സൈനികരെയാണു റഷ്യ വിന്യസിച്ചിരിക്കുന്നത്. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ 48 മണിക്കൂറിനുള്ളിൽ സൈന്യം നിലയുറപ്പിക്കുമെന്നും യുഎസ് അധികൃതർ മുന്നറിയിപ്പു നൽകി.

യുക്രെയ്ൻ അതിർത്തിയിൽ 125 ബറ്റാലിയനെ ആണ് റഷ്യ വിന്യസിച്ചത്. സാധാരണ 60 ബറ്റാലിയനാണ് ഉണ്ടാകാറുള്ളത്. ഫെബ്രുവരി ആദ്യം ഇത് 80 ബറ്റാലിയൻ ആയി ഉയർത്തിയിരുന്നു. ഈയാഴ്ച തന്നെ ആക്രമണം തുടങ്ങാൻ സാധ്യതയേറെയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. അതിനുള്ള ഒരുക്കങ്ങൾ റഷ്യ പൂർത്തിയാക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കൻ യുക്രെയ്നിൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഡോൺബസ് മേഖലയിൽനിന്നു രണ്ടാം ദിവസവും യുക്രെയ്ൻ സൈനികർക്കുനേരെ ഷെല്ലാക്രമണം തുടർന്നു. റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്ന് യുക്രെയ്ൻ ആരോപിച്ചു. ഇന്നലെ മേഖലയിൽ എഴുന്നൂറിലേറെ സ്ഫോടനശബ്ദങ്ങൾ കേട്ടതായി നിരീക്ഷകർ അറിയിച്ചു. 2015ലെ വെടിനിർത്തലിനുശേഷം വിമതമേഖലയിൽനിന്നുള്ള ഏറ്റവും കനത്ത ഷെല്ലാക്രമണമാണിതെന്നാണു വിലയിരുത്തൽ.

യുദ്ധത്തിനു മുന്നോടിയായുള്ള റഷ്യയുടെ പരോക്ഷയുദ്ധമാണിതെന്ന് യുഎസും പാശ്ചാത്യരാജ്യങ്ങളും കുറ്റപ്പെടുത്തി. യുക്രെയ്ൻ അതിർത്തിയിൽനിന്ന് സൈനികരെ പിൻവലിച്ചു തുടങ്ങി എന്ന റഷ്യയുടെ അവകാശവാദം യുഎസും നാറ്റോയും തള്ളിക്കളഞ്ഞു. യുദ്ധമുണ്ടായാൽ യുക്രെയ്നിൽനിന്ന് അഭയാർഥികളെ സ്വീകരിക്കാൻ ഒരുങ്ങുന്ന പോളണ്ടിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത ലോയ്ഡ് ഓസ്റ്റിൻ അവിടയെത്തി സ്ഥിതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!