സര്‍ക്കാര്‍ രാജ്ഭവനെ നിയന്ത്രിക്കണ്ട, ബാലന് ബാലിശമായി പെരുമാറരുത്’, ആഞ്ഞടിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപനം വായിച്ചതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് അവസാനിച്ചെന്ന് കരുതിയെങ്കില്‍ തെറ്റി. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനവിവാദത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും രംഗത്തെത്തി. മുന്‍മന്ത്രി എ കെ ബാലനെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെയും പേരെടുത്ത് പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാന് വിമര്‍ശിച്ചു. രാജ്ഭവനെ നിയന്ത്രിക്കാമെന്ന് സര്‍ക്കാര്‍ കരുതിയാല്‍ അത് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.
”പേര് ബാലന് എന്നാണെന്ന് കരുതി, ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളര്‍ന്നിട്ടില്ലേ? ഇതൊന്നും ശരിയല്ല”, ഗവര്‍ണര്‍ പരിഹസിച്ചു. ഗവര്‍ണര്‍ക്ക് രണ്ടാം ശൈശവമാണെന്നും, അങ്ങനെ വയസ്സായ കാലത്ത് പലതും പറയുമെന്നും, ഒരു കേക്ക് കൊണ്ടുപോയി വരെ താന്‍ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും, അതങ്ങനെ കണ്ടാല്‍ മതിയെന്നും നയപ്രഖ്യാപനവിവാദത്തെക്കുറിച്ച് മുന്‍മന്ത്രി എ കെ ബാലന് പറഞ്ഞിരുന്നു.
ഒരു പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ വി ഡി സതീശന് ഒരു ധാരണയുമില്ലെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ”പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണം എന്നത് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് പഠിക്കട്ടെ”, എന്നാണ് ഗവര്‍ണര്‍ പറയുന്നത്.
ഒരു കേന്ദ്രമന്ത്രിയെന്ന നിലയില്‍ എനിക്ക് 11 പേഴ്സണല്‍ സ്റ്റാഫ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഇവിടെ ഓരോ മന്ത്രിമാര്‍ക്കും 20-ലധികം പേഴ്സണല്‍ സ്റ്റാഫുണ്ട്. ഇവരെയെല്ലാം രണ്ട് വര്‍ഷം കൂടുമ്ബോള്‍ മാറ്റി പുതിയ ആളുകളെ നിയമിക്കുന്നു. ഇങ്ങനെ മാറ്റി നിയമിച്ചവര്‍ക്കടക്കം എല്ലാവര്ക്കും പെന്ഷന് ആനുകൂല്യങ്ങളടക്കം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. സ്റ്റാഫ് നിയമനത്തിന്റെ പേരില്‍ ഇത്തരത്തില്‍ രണ്ട് വര്‍ഷം കൂടുമ്ബോള്‍ ആളുകളെ മാറ്റി നിയമിക്കുന്നതില്‍ പാര്‍ട്ടി കേഡര്‍ വളര്‍ത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളൂ. ഇത് ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ഇതെന്ത് ധൂര്‍ത്താണ്? കേരളത്തിലെ ജനത്തിന്റെ പണത്തിന്റെ ദുര്‍വിനിയോഗമല്ലേ ഇത്? ഗവര്‍ണര്‍ ചോദിക്കുന്നു.
പേഴ്സണല്‍ സ്റ്റാഫ് നിയമനം വെറുതെ വിട്ട് കളയില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിക്കുന്നു. എജിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിനെ ഉപദേശിക്കാന്‍ തനിക്ക് അവകാശം ഉണ്ട്. അടുത്ത കാലത്ത് മാത്രമാണ് തനിക്ക് ഇങ്ങനെയാണ് പേഴ്സണല്‍ സ്റ്റാഫ് നിയമനം നടക്കുന്നതെന്ന് മനസ്സിലായത്. ഈ രീതി റദ്ദാക്കി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണം എന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഈ നിലപാടില്‍ പിന്നോട്ടില്ലെന്നും ഗവര്‍ണര്‍.
പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാലിനെ മാറ്റാന്‍ താന്‍ നിര്‍ദേശിച്ചിട്ടില്ല എന്ന് ഗവര്‍ണര്‍ പറയുന്നു. ഒരു സെക്രട്ടറിക്ക് ഒറ്റയ്ക്ക് അങ്ങനെ കത്തെഴുതാനാകില്ലെന്ന് തനിക്ക് അറിയാം. പിന്നെ എന്തിന് അദ്ദേഹത്തെ മാറ്റണം എന്ന് താനാവശ്യപ്പെടണം? സര്‍ക്കാരാണ് അദ്ദേഹത്തെ കാരണക്കാരനായി കണ്ടെത്തി നടപടിയെടുത്തത്. അതില്‍ തനിക്കെന്ത് ഉത്തരവാദിത്തമാണുള്ളത്?
ബിജെപി സംസ്ഥാനസമിതി അംഗം കൂടിയായ ഹരി എസ് കര്‍ത്തായെ തന്റെ പി എ ആയി നിയമിച്ചതില്‍ യാതൊരു തെറ്റുമില്ല എന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇതിന് മുമ്ബ് രാജ്ഭവനില്‍ രാഷ്ട്രീയപശ്ചാത്തലം ഉള്ള പലരും ജോലി ചെയ്തിട്ടുണ്ട്. അതിന്റെ കണക്ക് തന്റെ പക്കലുണ്ട്. അദ്ദേഹം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ്, അദ്ദേഹത്തിന് ഇവിടെ ജോലി ചെയ്യാനുള്ള യോഗ്യതയുണ്ട്. താനും ബിജെപിക്ക് ഒപ്പമായിരുന്നു. കേരളാ പൊലീസ് ഇന്റലിജന്‍സ് ക്ലിയര്‍ ചെയ്ത ശേഷമാണ് ഹരി എസ് കര്‍ത്തായെ നിയമിച്ചതെന്നും ഗവര്‍ണര്‍ പറയുന്നു.
പോര്‍മുഖം തുറന്നതെങ്ങനെ?
ബിജെപി സംസ്ഥാനസമിതി അംഗം ഹരി എസ് കര്‍ത്തായെ ഗവര്‍ണറുടെ പിഎ ആയി നിയമിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് വീണ്ടും രാജ്ഭവനും സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. ഹരി എസ് കര്‍ത്തായുടെ നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു നിയമനം സര്‍ക്കാര്‍ അംഗീകരിച്ചത്.
രാഷ്ട്രീയപ്പാര്‍ട്ടികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരെയോ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയോ സാധാരണ പേഴ്സണല്‍ സ്റ്റാഫിലേക്ക് നിയമിക്കാറില്ല എന്ന് രേഖപ്പെടുത്തിയാണ് നിയമന ഉത്തരവ് ഗവര്‍ണര്‍ക്ക് പൊതുഭരണസെക്രട്ടറി കൈമാറിയത്. എങ്കിലും ഗവര്‍ണര്‍ നിലപാടിലുറച്ച് നില്ക്കുന്നതിനാല് നിയമനം നല്‍കുന്നുവെന്നാണ് സര്‍ക്കാരിന് വേണ്ടി പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍ രാജ്ഭവനെ അറിയിച്ചത്.
ഇങ്ങനെ ഒരു കത്ത് ലഭിച്ചത് ഗവര്‍ണറെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകളില്‍ രാഷ്ട്രീയമായി നിയമിക്കുന്നവരുടെ പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് എന്തിനാണെന്ന ചോദ്യത്തോടെ, ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടില്ലെന്ന നിലപാടെടുത്തു.
ഒടുവില്‍ നയപ്രഖ്യാപനപ്രസംഗത്തിന് തലേന്ന് മുഖ്യമന്ത്രിക്ക് നേരിട്ട് തന്നെ ഗവര്‍ണറെ അനുനയിപ്പിക്കാനെത്തേണ്ടി വന്നു. സമവായചര്‍ച്ചയ്ക്ക് എത്തിയ മുഖ്യമന്ത്രിയും ഗവര്‍ണറും ചര്‍ച്ചക്കിടെ ക്ഷുഭിതരായി. പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെ കുറിച്ച് ഗവര്‍ണര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന് പറഞ്ഞിറങ്ങിയ മുഖ്യമന്ത്രി ഒടുവില്‍ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയാണ് പ്രതിസന്ധി പരിഹരിച്ചത്.
നയപ്രഖ്യാപനത്തിന്റെ തലേന്ന് ഒരു അനുരഞ്ജനത്തിന് ഒരു മുഖ്യമന്ത്രി രാജ്ഭവനിലെത്തുന്നത് ഇതാദ്യമാണ്. ഉച്ചയ്ക്ക് ഒരു മണിയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. ഗവര്‍ണര്‍ ഭരണഘടനാ ബാധ്യത നിര്‍വ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതല്‍ സ്വീകരിച്ചത്.
അഡീഷണല്‍ പിഎയ്ക്കുള്ള നിയമനം അംഗീകരിച്ച ശേഷം തന്റെ ഓഫീസിന് സര്‍ക്കാര്‍ നല്കിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന ഗവര്‍ണര്‍ തുറന്നടിച്ചു. നിയമനത്തിന്റെ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ഗവര്‍ണര്‍ കടന്നു. പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്താന്‍ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതെയുള്ള പേഴ്സണല്‍ സ്റ്റാഫ് നിയമനവും പെന്‍ഷനുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
പേഴ്സണല്‍ സ്റ്റാഫ് നിയമനങ്ങളില്‍ ചര്‍ച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചര്‍ച്ചയല്ല തീരുമാനം വേണമെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതുമായി കൂട്ടിക്കുഴക്കരുതെന്ന മുഖ്യമന്ത്രിയും നിലപാടെടുത്തോടെ ശബ്ദമുയര്‍ന്നു. ഒടുവില്‍ പേഴ്സണല്‍ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി.
രാജ്ഭവനിലും എകെജി സെന്റിലും തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു. വീണ്ടും കത്തയക്കാമെന്ന് മന്ത്രിമാര്‍ അഭിപ്രായം പറഞ്ഞുവെങ്കിലും ഗവര്‍ണര്‍ ഇത് അംഗീകരിക്കാനിടയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഒടുവില്‍ ഗവര്‍ണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ച് പ്രശ്നം തണുപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതിരുന്നാലുള്ള ഭരണഘടനാ പ്രശ്നങ്ങളെ കുറിച്ച് രാജ്ഭവനും നിയമവിദഗ്ധരുമായി ആലോചിച്ചിരുന്നു. ഗവര്‍ണര്‍ക്ക് മാറി നില്ക്കാവില്ലെന്നുള്ള നിയമോപദേശമായിരുന്നു ലഭിച്ചത്. ഭരണബാധ്യത നിര്‍വ്വഹിക്കുന്നതിനു പകരം അതിലേക്ക് അനാവശ്യ ചര്‍ച്ചകള്‍ ഗവര്‍ണര്‍ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം.

