യു.ഡി.എഫ് യോഗം ഇന്ന്: സര്‍ക്കാരിനെതിരായ സമര പരിപാടികള്‍ പുനരാരംഭിക്കും

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ്, ഗവര്‍ണറുടെ രാഷ്ട്രീയനീക്കങ്ങള്‍ മുതലായ വിവാദ വിഷയങ്ങളില്‍ നിയമസഭയ്ക്കകത്തും പുറത്തും സ്വീകരിക്കേണ്ട സമരതന്ത്രങ്ങള്‍ ആലോചിക്കാനായി ഇന്ന് യു.ഡി.എഫ് ഏകോപനസമിതി യോഗം ചേരും.
രാവിലെ നിയമസഭയില്‍ പി.ടി. തോമസിനുള്ള ചരമോപചാരച്ചടങ്ങിന് ശേഷം പത്ത് മണിയോടെ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെതിരെ സഭയില്‍ നിരാകരണപ്രമേയം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെ ചൊല്ലി പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രമേശും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ് ഇന്നത്തെ യോഗം. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ സഭയ്ക്കകത്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മുന്നണി തീരുമാനിച്ചേക്കും. അതിനോടൊപ്പം സര്‍ക്കാരിനെതിരെ പുറത്ത് ഇതേ വിഷയത്തിലുള്ള പ്രചരണ പരിപാടികളെങ്ങനെയെന്നതും ചര്‍ച്ചയാവും. സില്‍വര്‍ലൈന്‍ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ നേരത്തേ പ്രഖ്യാപിച്ചതും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചതുമായ സമരപരിപാടികള്‍ പുനരാരംഭിക്കുന്നതാണ് പ്രധാന അജന്‍ഡ.
രാഷ്ട്രീയവിവാദമുയര്ത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് പ്രതിപക്ഷം പരസ്യ ഏറ്റുമുട്ടലില്‍ നില്ക്കുന്ന സാഹചര്യത്തില്‍ അത്തരം വിവാദങ്ങളും ചര്‍ച്ചയായേക്കും. ഗവര്‍ണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷത്തെ വെട്ടിലാക്കാനുള്ള നീക്കവുമുണ്ട്.
നയപ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കുന്നത് വൈകിച്ച ഗവര്‍ണറോട് ഒത്തുതീര്‍പ്പിന് വഴങ്ങിയ സര്‍ക്കാര്‍നിലപാടിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം ആഞ്ഞടിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷനീക്കത്തിന് വലിയ രാഷ്ട്രീയമാനമുണ്ട്. ഹിജാബ് വിഷയത്തില്‍ ഗവര്‍ണര്‍ കൈക്കൊണ്ട നിലപാടില്‍ മുസ്ലിംലീഗും അമര്‍ഷത്തിലാണ്.
കെ.എസ്.ഇ.ബിയില്‍ ചെയര്മാന് പുറത്തുവിട്ട അഴിമതിയാരോപണവും പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്. പെന്ഷന് പ്രായം ഉയര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന പ്രചരണങ്ങളുടെ പശ്ചാത്തലത്തില്‍ യുവജനങ്ങളുടെ വികാരമുള്‍ക്കൊണ്ടുള്ള സമരപരിപാടികള്‍ക്കും ആലോചനയുണ്ട്

