കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കം, പുറത്തുവരുന്നത് ആര്‍എസ്എസിന്‍റെ ക്രൂരമുഖം- എ.വിജയരാഘവന്‍

തിരുവനന്തപുരം: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകം കലാപമുണ്ടാക്കാനുള്ള ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. നാട്ടില്‍ കലാപമുണ്ടാക്കി സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനത്തില്‍ തന്നെ കൊലപാതകം നടത്താനുള്ള ആര്‍എസ്എസ് തീരുമാനം യാദൃശ്ചികമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നല്ലനിലയില്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് അടങ്ങിയിരിക്കാന്‍ പോകുന്നില്ലെന്ന സൂചനയാണ് ഹരിദാസിന്റെ കൊലപാതകം. സമാധാനകാംഷികള്‍ കൊലപാതകത്തിനെതിരെ രംഗത്തുവരണം. ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം. കൊലപാതകത്തില്‍ ശക്തമായ വേദനയും അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് ക്രൂരതയുടെ മുഖമാണ് തലശ്ശേരിയില്‍ അരങ്ങേറിയത്. ആക്രമണത്തിന് പ്രത്യാക്രമണം എന്നത് പാര്‍ട്ടിയുടെ രീതിയല്ലെന്നും സമാധാനം നിലനിര്‍ത്തുകയെന്നതാണ് ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുമ്പോഴും പാര്‍ട്ടിയുടേയും മുന്നണിയുടേയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് മരിച്ച ഹരിദാസന്‍. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് രാത്രിയോടെ മടങ്ങിവരുമ്പോഴാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിദാസന്‍ മരിച്ചിരുന്നു. പിന്നീട് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

