‘സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കം’, കണ്ണൂര്‍ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : കണ്ണൂര്‍ തലശ്ശേരിയിലെ സിപിഎം (CPM Activist) പ്രവര്ത്തകന് ഹരിദാസന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi vijayan ). കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത സംഭവമാണിത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. പ്രകോപനത്തില്‍ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്കിലെ കുറിപ്പിന്റെ പൂര്‍ണ രൂപം
തലശ്ശേരി പുന്നോലില്‍ സിപിഐ എം പ്രവര്ത്തകന് കൊരമ്ബില് ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോവുകയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലര്‍ച്ചെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് അത് തകര്‍ക്കാന്‍ നടത്തിയ ആസൂത്രിത സംഭവമാണിത് എന്നാണ് വ്യക്തമാകുന്നത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. പ്രകോപനത്തില്‍ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
തലശ്ശേരി പുന്നോലില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സിപിഎം പ്രവര്ത്തകന് ഹരിദാസനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതിക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുപതിലേറെ വെട്ടാണ് ഹരിദാസിന്റെ ശരീരത്തിലുള്ളതെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരേ വെട്ടില്‍ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ കഴിയാത്ത രീതിയില്‍ ശരീരം വികൃതമാക്കിയ നിലയിലാണ്. ഇടതുകാല് മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റി. വലതുകാല്‍ മുട്ടിന് താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴേക്കാണ് കൂടുതല്‍ മുറിവുകളുമുള്ളത്.
ബിജെപി നേതൃത്വത്തിന്റെ അറിവോടെ ആര് എസ് എസ് ബിജെപി സംഘമാണ് കൊലപാതകം നടത്തിയതെന്ന് സിപിഎം സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ ആരോപിച്ചു. ക്ഷേത്രത്തിലെ സംഘര്‍ഷം കൊലപാതകം വരെ എത്തിച്ചത് ബി ജെ പി കൗണ്‍സിലറുടെ പ്രകോപന പ്രസംഗമാണെന്നും സി പി എം ആരോപിക്കുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
ഹരിദാസനുമായി പുന്നോല്‍ ക്ഷേത്രത്തില്‍ വച്ച് സംഘര്‍ഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്.ഇളങ്കോ അറിയിച്ചു. ന്യൂമാഹി എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആകെ ആറ് സംഘങ്ങള്‍ നിലവില്‍ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണംനടത്തി വരികയാണെന്നും ഇളങ്കോ വ്യക്തമാക്കി.

