അക്രമിസംഘം രണ്ടുവഴിയിലും കാത്തുനിന്നു; വെട്ടിക്കൊന്നത് പുലർച്ചെ , കാൽ കണ്ടെത്തിയത് പിന്നീട്

കോടിയേരി: സി.പി.എം. പ്രവർത്തകൻ പുന്നോൽ താഴെവയലിൽ കുരമ്പിൽ താഴെക്കുനിയിൽ ഹരിദാസനെ കൊലപ്പെടുത്തിയത് തിങ്കളാഴ്ച പുലർച്ചെ 1.30-ന്. മത്സ്യത്തൊഴിലാളിയായ അദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലെത്തി അടുക്കളഭാഗത്ത് ഭാര്യയുടെ കൈയിൽ മീൻസഞ്ചി നൽകി മുൻവശത്തേക്ക് വരുമ്പോഴാണ് ആക്രമണം.
വീട്ടുമുറ്റത്തും പറമ്പിലുമിട്ടാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. രക്ഷപ്പെട്ടോടാൻ ശ്രമിച്ചപ്പോൾ അക്രമികൾ സംഘംചേർന്ന് വെട്ടുകയായിരുന്നു. മുൻവശത്തെ മതിലിനോടുചേർന്നാണ് ഹരിദാസൻ വീണുകിടന്നത്. അവിടെ രക്തം തളംകെട്ടിയിരുന്നു.
ഹരിദാസന്റെ നിലവിളികേട്ട് വാതിൽ തുറന്ന് ഭാര്യയും ഇളയ സഹോദരൻ സുരേന്ദ്രനും വീട്ടിലുള്ള മറ്റുള്ളവരും പുറത്തേക്ക് വന്നപ്പോഴാണ് അക്രമിസംഘം ഓടിരക്ഷപ്പെട്ടത്. സംഘം രണ്ട് വഴികളിലൂടെയാണ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. രണ്ട് വഴികളിലും രക്തം കണ്ടെത്തിയിട്ടുണ്ട്.
വീട്ടുപറമ്പിൽ ഹരിദാസൻ വീണിടത്തുനിന്ന് പിന്നീടാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്. ഇരുചക്രവാഹനങ്ങളിലാണ് അക്രമിസംഘം എത്തിയതെന്നാണ് സൂചന.
ഭീഷണിയുണ്ടായിരുന്നു -സഹോദരൻ
തനിക്കും ജ്യേഷ്ഠൻ ഹരിദാസനും ബി.ജെ.പി. പ്രവർത്തകരുടെ ഭീഷണിയുണ്ടായിരുന്നതായി സഹോദരൻ സുരേന്ദ്രൻ പറഞ്ഞു. കൂലോത്ത് ക്ഷേത്രത്തിൽ നടന്ന അക്രമസംഭവത്തിൽ പരിക്കേറ്റ് സുരേന്ദ്രന്റെ വലതുകൈയുടെ എല്ല് പൊട്ടി. ഞായറാഴ്ച രാത്രി അടുത്തുള്ള വിവാഹവീട്ടിൽ പോയശേഷം ജ്യേഷ്ഠന്റെ വീട്ടിലെത്തിയതാണ്. അപ്പോൾ ഹരിദാസൻ വീട്ടിലെത്തിയിരുന്നില്ല. കാത്തിരുന്ന് ഉറങ്ങിപ്പോയ സുരേന്ദ്രൻ നിലവിളി കേട്ടാണ് ഉണർന്നത്. പുറത്തേക്ക് വന്നപ്പോൾ അക്രമിസംഘം വാൾ വീശി ഭയപ്പെടുത്തിയശേഷം രക്ഷപ്പെട്ടു. അക്രമികളെ കണ്ടാൽ തിരിച്ചറിയാമെന്ന് സുരേന്ദ്രൻ പറഞ്ഞു

