KSDLIVENEWS

Real news for everyone

മധുവിന്റെ കൊലപാതകത്തിന് നാലാണ്ട്;നീതി കാത്ത് കുടുംബം;സാക്ഷികളുടെ കൂറുമാറ്റം വെല്ലുവ‌ിളി

SHARE THIS ON

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ട് (attapadi madhu murdercase)ഇന്ന് നാലു കൊല്ലം.നീതിക്കായുള്ള (justice)കാത്തിനിരിപ്പിനിടെ അനുഭവിക്കേണ്ടിവന്നത് ഭീഷണയും ഒറ്റപ്പെടുത്തലുമെന്ന് മധുവിന്‍റെ സഹോദരി സരസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സാക്ഷികളില്‍ ചിലര്‍ കൂറുമാറിയാലും കേസ് ജയിക്കാനുള്ള തെളിവുകള്‍ വേറെയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിന് മുക്കാലിയിലെ വ്യാപാരികളും ടാക്സി ഡ്രൈവര്‍മാരുമടങ്ങുന്ന പതിനാറംഗ സംഘം ആള്‍ക്കൂട്ട വിചാരണ നടത്തി കൊന്നുകളഞ്ഞ മധുവിന്‍റെ കുടുംബത്തിന്‍റെ പിന്നീടുള്ള ജീവിതം കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെയായിരുന്നു. കേസില്‍ നിന്നു പിന്തിരിപ്പിക്കാന്‍ വീടികയറി അക്രമിക്കാന്‍ ശ്രമിച്ചു. ഊരില്‍ നിന്നടക്കം ഒറ്റപ്പെടുത്തിയതിന്‍റെ വേദന മധുവിന്‍റെ സഹോദരിയുടെ വാക്കുകളിലുണ്ട്. ഇപ്പോഴും ചോദിക്കാനും പറയാനും ആരുമില്ലാത്തവരെന്ന് മധുവിന്‍റെ അമ്മ പേടിയോടെ പറയുന്നു.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് മധുവിന്‍റെ കേസിന് ജീവന്‍ വച്ചത്. എല്ലാ ആഴ്ചയും കേസ് പരിഗണിക്കാനാണ് മണ്ണാര്‍കാട് കോടതി തീരുമാനം. പ്രതികളുമായി അടുത്ത ബന്ധമുള്ളതിനാല്‍ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യത പ്രോസിക്യൂഷനും തള്ളുന്നില്ല. എന്നാല്‍ അതിനെ മറികടക്കാനാവുമെന്നാണ് ആത്മവിശ്വാസം

2018 ഫെബ്രുവരി 22 ന് ഉച്ചയോടെ ആള്‍ക്കൂട്ടം മധുവിനെ കാട്ടില്‍ കയറി പിടിച്ച്‌ മുക്കാലിവരെ വിചാരണ ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

അട്ടപ്പാടി മധുകൊലക്കേസില്‍ ഇക്കഴിഞ്ഞ പതിനാറാം തിയതിയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ നിയമിച്ച്‌ ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോന്‍ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. നാലുവര്‍ഷമായിട്ടും മധുകേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാവാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഹൈക്കോടതി ഇടപെട്ടാണ് കേസ് പരിഗണിക്കുന്നത് നേരത്തെയാക്കിയത്.

രണ്ട് കൊല്ലം മുമ്ബ് സര്‍ക്കാര്‍ ചുമതലയേല്‍പ്പിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥ് ആരോഗ്യ കാരണം ചൂണ്ടിക്കാട്ടി ഒഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസ് വിചാരണ പ്രതിസന്ധിയിലായത്. മധു കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് വിവരം മാധ്യമങ്ങളിലടക്കം ചര്‍ച്ചയായത്. മണ്ണാര്‍ക്കാട് കോടതിയില്‍ മധുവിന് വേണ്ടി ആരും ഹാജരാകാതിരുന്നതോടെയാണ് കോടതിക്ക് ചോദ്യം ഉന്നയിച്ചത്. കേസിലെ രണ്ടാമത്തെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു രഘുനാഥ്.

അട്ടപ്പാടി മധു കേസ്; കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

2018 ഫെബുവരി 22 നാണ് ആള്‍ക്കൂട്ട വിചാരണയെയും ക്രൂര മര്‍ദനത്തെയും തുടര്‍ന്ന് മധു മരിച്ചത്. കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച്‌ വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേര്‍ന്ന് മധുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വച്ച്‌ മര്‍ദനത്തിന് നേതൃത്വം നല്‍കിയത് ആറു പ്രതികളാണ്. അതില്‍ സിഐടിയു നേതാവും ടാക്സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതിനാല്‍ മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി. പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ മുക്കാലിയിലെത്തിയ ഒന്നാം പ്രതി ഹുസൈന്‍റെ ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരച്ചുവരിലിടിച്ച്‌ പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിന്‍റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!