കെഎസ്‌ഇബി ബില്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്, അധ്യാപികയുടെ ഒരു ലക്ഷം കവര്‍ന്നു, വീട്ടിലെത്തിയും തട്ടിപ്പ് ശ്രമം

തിരുവനന്തപുരം: കെഎസ്‌ഇബി (KSEB)ബില്ലിന്‍റെ (KSEB Bill)പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ് (Online Fraud) കാരണം ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും വരെ ഉപേക്ഷിച്ചിരിക്കുകയാണ് കോട്ടയത്തെ ഒരു അധ്യാപിക.
തട്ടിപ്പ് സംഘമൊരുക്കിയ കെണിയില്‍ ഇവര്‍ക്ക് നഷ്ടമായത് ഒരുലക്ഷത്തി പതിനൊന്നായിരം രൂപയാണ്. എന്നിട്ടും പിന്തുടര്‍ന്ന സംഘം അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് നേരിട്ട് വീട്ടിലുമെത്തി. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം സംസാരിച്ചത് ഇംഗ്ലീഷും ഹിന്ദിയുമെങ്കില്‍ വീട്ടിലെത്തിയ ആള്‍ മലയാളമാണ് സംസാരിച്ചതെന്നും അധ്യാപിക പറയുന്നു.
കഴിഞ്ഞ മാസത്തെ ബില്‍ അപ്ഡേറ്റ് ആയിട്ടില്ലെന്ന പേരില്‍ അധ്യാപികയുടെ ഭര്‍ത്താവിന്‍റെ മൊബൈലിലേക്ക് എസ്‌എംഎസ് വന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. എസ്‌എംഎസില്‍ കണ്ട നമ്ബറിലേക്ക് അധ്യാപിക വിളിച്ചപ്പോള്‍ എനി ഡെസ്ക് എന്ന മൊബൈല്‍ സ്ക്രീന്‍ ഷെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. കെഎസ്‌ഇബി കണ്‍സ്യൂമര്‍ നമ്ബറും പറഞ്ഞ് കൊടുത്ത് അപരന്‍ വിശ്വാസ്യത നേടി.
ബില്ലിലെ പ്രശ്നം തീര്‍ക്കാന്‍ വെറും പത്ത് രൂപ അടയ്ക്കാനായിരുന്നു നിര്‍ദ്ദേശം. ബാങ്ക് എസ്‌എംഎസ് വന്നില്ലെന്ന പേരില്‍ രണ്ട് എടിഎം കാര്‍ഡുകളില്‍ നിന്ന് പത്ത് രൂപ അടപ്പിച്ചു. ഈ സമയം കൊണ്ട് രണ്ട് കാര്‍ഡിന്‍റെ വിവരങ്ങള്‍ എനി ഡെസ്ക് ആപ്പ് വഴി സ്വന്തമാക്കിയ ഓണ്‍ലൈന്‍ കള്ളന്‍ പണം തട്ടിയെടുത്തു. കാര്‍ഡുവഴിയുള്ള പണം പിന്‍വലിക്കല്‍ പരിധി 50000 രൂപയായത് കൊണ്ട് കൂടുതല്‍ പണം പോയില്ല. പക്ഷേ ഒരു അക്കൗണ്ടില്‍ ഉണ്ടായിരുന്ന വലിയ തുക ലക്ഷ്യമിട്ട സംഘാംഗം അധ്യാപികയുടെ വീട്ടിലെത്തി. ഇയാള്‍ സംസാരിച്ചത് മലയാളമെന്ന് അധ്യാപിക പറയുന്നു.
കെഎസ്‌ഇബിക്കും ഉപഭോക്താവിനും മാത്രമറിയാവുന്ന കണ്‍സ്യൂമര്‍ നമ്ബര്‍ തട്ടിപ്പ് സംഘത്തിന് എങ്ങനെ കിട്ടി. പണം പോയിട്ടും ബാങ്കില്‍ നിന്ന് എന്തുകൊണ്ട് എസ്‌എംഎസ് വന്നില്ല തുടങ്ങിയ ചോദ്യങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. കെഎസ്‌ഇബിയുടേയും ബാങ്കുകളുടേയും സാങ്കേതിക സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഗുരുതരമായ ചോദ്യങ്ങളുയരുന്നു. ഉത്തരേന്ത്യന്‍ സംഘമെന്ന പതിവ് പല്ലവി സൈബര്‍ പൊലീസിന് ആവര്‍ത്തിക്കാന്‍ കഴിയാത്ത മലയാളി ബന്ധവും ഈ തട്ടിപ്പിലുണ്ട്.

