പ്രതീക്ഷകളും പ്രാർഥനകളും വിഫലം; യെമൻ കോടതി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചു

സന∙ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ (33) വധശിക്ഷ യെമനിലെ അപ്പീൽ കോടതി ശരിവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണു നിമിഷപ്രിയ. ഇനി യെമനിലെ സുപ്രീംകോടതിയുടെ പരിഗണനയ്ക്കു കേസ് സമർപ്പിക്കാമെങ്കിലും അപ്പീൽകോടതിയുടെ തീർപ്പ് സുപ്രീം കോടതി പുനഃപരിശോധിക്കില്ല. ഈ വിധിയിലേക്കെത്തിയ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്നു പരിശോധിക്കുക മാത്രമാണു സുപ്രീം കോടതി ചെയ്യുക.
യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017ലാണു കൊല്ലപ്പെട്ടത്. അവിടെ തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. തലാലിന്റെ കുടുംബത്തിനു നഷ്ടപരിഹാരത്തുക നൽകി കോടതി നടപടികളിൽനിന്നു മുക്തയാകാനുള്ള ശ്രമങ്ങൾ തദ്ദേശീയരുടെ എതിർപ്പുമൂലം നടന്നിരുന്നില്ല. ഈ ശ്രമം വീണ്ടും നടത്തുകയും അതിൽ വിജയിക്കുകയും ചെയ്താൽ മാത്രമാകും നിമിഷപ്രിയയ്ക്കു മോചനം സാധ്യമാകുകയെന്നു നിയമവിദഗ്ധർ പറയുന്നു.
തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണു കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.

