KSDLIVENEWS

Real news for everyone

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് ജില്ലാ പൊലീസ് മേധാവി

SHARE THIS ON

കാസര്‍കോട്: പ്രവാസി അബൂബക്കര്‍ സിദ്ധീഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് കാസര്‍കോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന. ക്വട്ടേഷന്‍ സ്വീകരിച്ച പ്രതിയുടെ വീട്ടില്‍ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് പ്രതികളുടെ അറസ്റ്റ് അധികം വൈകാതെ ഉണ്ടാകുമെന്നും അറിയിച്ചു.

അതേസമയം, പ്രവാസിയുടെ മരണ കാരണം തലച്ചോറിന് ഏറ്റ ക്ഷതമെന്ന് വ്യക്തമാക്കുന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. അരയ്ക്ക് താഴെ നിരവധി തവണ മര്‍ദിച്ച പാടുകളുണ്ട്. കാല്‍ വെള്ളയിലും അടിച്ച പാടുകള്‍ കാണാം. നെഞ്ചിന് ചവിട്ടേറ്റു. പേശികള്‍ അടിയേറ്റ് ചതഞ്ഞ് വെള്ളം പോലെയായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. അബൂബക്കര്‍ സിദ്ധീഖിനെ പ്രതികള്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചെന്നും സിദ്ധീഖ് മരണപ്പെട്ടതോടെയാണ് തന്നെ വിട്ടയച്ചതെന്നും സഹോദരന്‍ അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു.

കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം ആകെ അഞ്ചായിരിക്കുകയാണ്. കൊലപാതകം നടന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തി. സംഘം ഉപയോഗിച്ച മൂന്ന് വാഹനങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോവാന്‍ പൈവളിഗയിലെ സംഘത്തിന് നിദ്ദേശം നല്‍കിയ മഞ്ചേശ്വരം സ്വദേശിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൈവളിക നുച്ചിലയിലെ വീട്ടിലാണ് തട്ടിക്കൊണ്ട് പോയവരെ സംഘം പാര്‍പ്പിച്ചത്. ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ വെച്ചാണ് അബൂബക്കര്‍ സിദ്ധീഖിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്. സഹോദരന്‍ അന്‍വര്‍ ഹുസൈന്‍, ബന്ധു അന്‍സാരി എന്നിവരെ ബന്ദിയാക്കിയതും ഈ വീട്ടില്‍ വച്ച്‌ തന്നെ ഫോറന്‍സിക് സംഘം വിശദപരിശോധന നടത്തി. വീട്ടുടമസ്ഥനായ പൈവളിഗ സ്വദേശിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!