തീരപരിപാലന നിയമം: സമരച്ചൂടിൽ കാസർകോട് ജില്ലയുടെ തെക്കൻ തീരമേഖല

തൃക്കരിപ്പൂർ ∙ തീരപരിപാലന നിയമത്തിൽ ഇളവ് ലഭിക്കാത്തതിൽ സമരച്ചൂടിലമർന്ന് ജില്ലയുടെ തെക്കൻ തീരമേഖല. കടലിനും കായലിനും മധ്യത്തിൽ ജീവിതം വഴിമുട്ടിയ വലിയപറമ്പ് പഞ്ചായത്തിലെ ആയിരങ്ങൾ ഇന്നു മനുഷ്യച്ചങ്ങല സൃഷ്ടിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പഞ്ചായത്തിൽ പൂർണ ഹർത്താൽ ആചരിച്ചു കൊണ്ടാണ് തീരപരിപാലന നിയമത്തിനെതിരെ കൈകോർക്കുന്നത്. ഇതേ ആവശ്യമുയർത്തി പടന്ന പഞ്ചായത്തിലും ഇന്നാണ് സമരം.
13 വാർഡുകൾ ഉള്ള വലിയപറമ്പ് പഞ്ചായത്തിലെ വടക്ക് ഒരിയര പുലിമുട്ട് മുതൽ തെക്ക് കവ്വായി കടപ്പുറം വരെ 22 കിലോമീറ്റർ ദൈർഘ്യത്തിൽ വൈകിട്ട് 4 മുതൽ 4.15 വരെ തീർക്കുന്ന മനുഷ്യച്ചങ്ങലയിൽ പതിനായിരം പേരെ അണിനിരത്തുമെന്നു സമരസമിതി ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, ജനറൽ കൺവീനർ എം.ടി.അബ്ദുൽ ജബ്ബാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ കെ.വി.ഗംഗാധരൻ, സി.നാരായണൻ, ഉസ്മാൻ പാണ്ട്യാല, മധുസൂദനൻ കാരണത്ത്, എം.ഭാസ്കരൻ, എൻ. പത്മനാഭൻ തുടങ്ങിയവർ അറിയിച്ചു.
ആശുപത്രി, പത്രം, പാൽ, ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾ എന്നിവരൊഴികെ മറ്റെല്ലാം സ്തംഭിപ്പിക്കും. കടകൾ അടച്ചിടും. വാഹന ഓട്ടം തടയും. മറ്റു സമര പോരാട്ടങ്ങളിൽ നിന്നു വ്യത്യസ്തമായി മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്ന വേളയിൽ മുഴുവൻ വീടുകളും അടച്ചു പൂട്ടി ജനങ്ങൾ സമരത്തിനിറങ്ങുന്നത് ചരിത്ര സംഭവമാകും. ചങ്ങലയുടെ 2 അറ്റങ്ങളിലായി രാജ്മോഹൻ ഉണ്ണിത്താൻ എംപിയും എം.രാജഗോപാലൻ എംഎൽഎയും കൈകോർക്കും.

