KSDLIVENEWS

Real news for everyone

പെരിയയില്‍ അടിപ്പാത തകര്‍ന്ന സംഭവം: നിര്‍മാണത്തിലെ അപാകതയെന്ന് ആരോപണം; മേഘ കണ്‍സ്ട്രക്ഷന്‍ കംപനിക്കെതിരെ രൂക്ഷ വിമര്‍ശനം; കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ആവശ്യം; മുഴുവന്‍ പ്രവൃത്തികളും എന്‍ഐടി സംഘം പരിശോധിക്കുമെന്ന് ദേശീയപാത അധികൃതര്‍; പൊലീസ് കേസെടുത്തു

SHARE THIS ON

കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയയിൽ നിർമിക്കുന്ന അടിപ്പാത കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്ന സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു. ഐപിസി 336, 338, കെപി 118 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടം വരുന്ന രീതിയിൽ പ്രവൃത്തികൾ നടത്തിയെന്നടക്കമുള്ള കുറ്റമാണ് കംപനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച പുലർചെയാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ അടിപ്പാത തകർന്നത്. അടിപ്പാതയുടെ മുകൾ ഭാഗം കോൺക്രീറ്റ് കഴിഞ്ഞ ഉടനെ തകർന്ന് വീഴുകയായിരുന്നു. മേഘ കൺസ്ട്രക്ഷൻ കംപനിക്കെതിരെ രൂക്ഷ വിമർശനം

മേഘ കൺസ്ട്രക്ഷൻ കംപനിയാണ് നിർമാണ പ്രവൃത്തികൾ നടത്തുന്നത്. കംപനിക്കെതിരെ വിവിധ കോണുകളിൽ നിന്ന് രൂക്ഷ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ആവശ്യത്തിന് സിമന്റോ വെള്ളമോ

ചേർക്കാതെ വളരെ ദ്രുതഗതിയിൽ പരിശോധനകളൊന്നുമില്ലാതെയാണ് ഇവർ നിർമാണ പ്രവൃത്തികൾ നടത്തുന്നതെന്ന് പുല്ലൂർ പഞ്ചായത് പ്രസിഡന്റ് സികെ അരവിന്ദൻ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞിരുന്നു. മേഘ കൺസ്ട്രക്ഷൻസിന്റെ നിർമാണ അപാകതകൾ നേരത്തെ തന്നെ ജനപ്രതിനിധികളും ജനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം പറയുന്നു. അപകടം നടന്നയുടൻ അവശിഷ്ടങ്ങൾ മാറ്റാൻ കംപനി അധികൃതർ ശ്രമിച്ചതായും എന്നാൽ പ്രദേശവാസികൾ ഇടപെട്ട് തടയുകയുമാണ് ഉണ്ടായതെന്നും വിവരമുണ്ട്. അതേസമയം കോഴിക്കോട് എൻ ഐ ടി സംഘം സ്ഥലം സന്ദർശിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇൻഡ്യ (NHAI) ഡയറക്ടർ പുനിബ് കുമാർ അറിയിച്ചു. മേഘ കൺസ്ട്രക്ഷൻ നടത്തിവരുന്ന ജില്ലയിലെ പ്രവൃത്തികൾ എൻ ഐ ടി സംഘം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പരിശോധനാ റിപോർട് ലഭിച്ചാൽ നടപടിയെടുക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്തിന് നേരിട്ട്

പരിശോധിക്കാനാവില്ലെന്നും ദേശീയപാതാ അതോറിറ്റിയുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. കരിമ്പട്ടികയിൽ പെടുത്തണമെന്ന് എംപി

നിർമാണത്തിലെ അപാകതയാണ് സംഭവത്തിന് കാരണമെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും ആരോപിക്കുന്നത്. കംപനിയെ കരിമ്പട്ടകയിൽ ഉൾപെടുത്തണമെന്നും ആവശ്യം ഉയർന്നു. മേഘ കൺസ്ട്രക്ഷൻ കംപനിയുടെ നിർമാണത്തിൽ അപാകതയുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആരോപിച്ചു. കംപനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും കംപനിയുടെ മുഴുവൻ നിർമാണത്തിലേയും ഗുണമേന്മ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമഗ്രമായ അന്വേഷണം വേണമെന്ന് എംഎൽഎ

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു. ജില്ലയിൽ ദേശീയപാത നിർമാണത്തിൽ അശാസ്ത്രീയതയുണ്ടെന്ന് തുടക്കത്തിലെ ജനങ്ങൾക്ക് പരാതിയുണ്ടായിരുന്നു. ഈ പരാതി ശരിവെക്കുന്നതാണ് പെരിയ സംഭവം. ജനഹിതം മാനിക്കാതെ നാടിന്റെ താല്പര്യത്തിന് എതിരായി എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് നാഷണൽ ഹൈവേ അതോറിറ്റിയും കരാർ ഏറ്റെടുത്ത കംപനിയും സ്വീകരിച്ച് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!