ഇ.പി പറഞ്ഞതിൽ അത്ഭുതമില്ല, പെണ്‍കുട്ടികള്‍ ഏത് വസ്ത്രം ധരിക്കണമെന്ന് CPM നിർദേശിക്കേണ്ട- കെ. സുധാകരൻ

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ഏത് രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് സി.പി.എം നിര്‍ദേശിക്കേണ്ടെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. പോലീസിനെയും മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറി നിയന്ത്രിക്കണം. സാമ്പത്തിക നിലയില്‍ മാത്രമല്ല എല്ലാ നിലയിലും അധഃപതിച്ച മുഖ്യമന്ത്രിയാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകയെ അപമാനിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രസ്താവനയില്‍ തനിക്ക് ഒരു അത്ഭുതവുമില്ലെന്ന് സുധാകരൻ പറഞ്ഞു. എന്നാല്‍, സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി ഗോവിന്ദന്റെ വാക്കുകളില്‍ തനിക്ക് അത്ഭുതമുണ്ട്. വസ്ത്രധാരണം വ്യക്തികളുടെ തീരുമാനമാണ്. പെണ്‍കുട്ടികള്‍ ഏത് രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് സി.പി.എം നിര്‍ദേശിക്കേണ്ടതില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രഹ്മപുരം പ്ലാന്റ് തീപ്പിടുത്തത്തില്‍ കൃത്യമായ അന്വേഷണം നടത്തണം. ഈ അവസ്ഥയുടെ ഉത്തരവാദികള്‍ കോര്‍പ്പറേഷനാണ്. കളക്ടറെ മാറ്റുന്നതിന് പകരം കോര്‍പ്പറേഷനാണ് പിരിച്ചുവിടേണ്ടതെന്നും കെ. സുധാകരന് പറഞ്ഞു. സി.പി.എം നിലവില്‍ ആര്.എസ്.എസ്സുമായി അടുത്ത ബന്ധത്തിലാണ്. അവരുടെ വാക്കുകള്‍ കടമെടുത്താണ് എം.വി ജയരാജന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ വംശീയമായി അധിക്ഷേപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം ഒരു വര്‍ഷത്തെ പരിപാടികളോടെ ആഘോഷിക്കുമെന്ന് കെ. സുധാകരന് പറഞ്ഞു. മാര്‍ച്ച് 30-ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും

