ചൈനയുമായി നടത്തിയ ഏഴാം ഘട്ട ചർച്ചയും പരാജയം ; അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കാനൊരുങ്ങി ഇന്ത്യ .

ദില്ലി : അതിർത്തി സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഉന്നത സേനാതലത്തിൽ നടത്തിയ ഏഴാം ഘട്ട ചർച്ചയിലും കാര്യമായ ഫലമുണ്ടാകാത്ത സാഹചര്യത്തിൽ ചൈനീസ് അതിർത്തിയിൽ സേനാ വിന്യാസം ശക്തമാക്കാനൊരുങ്ങി ഇന്ത്യ . 5 മാസത്തോളം പിന്നിടുന്ന സംഘർഷത്തിന് അയവു വരുത്താൻ ചൈനയുടെ ഭാഗത്തുനിന്ന് ആത്മാർത്ഥ ശ്രമമില്ലെന്നും അതിർത്തിയിലുടനീളം അതീവ ജാഗ്രത തുടരുമെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു . ശൈത്യകാലത്തു അസഹനീയ കാലാവസ്ഥയുള്ള ലഡാക്ക് അതിർത്തിയിൽ നിന്നു സേനാംഗങ്ങളെ പിൻവലിക്കുന്ന പതിവ് ഇക്കുറിയുണ്ടാവില്ല എന്നാണ് പുറത്ത് വരുന്ന സൂചന് . ശൈത്യ മാസങ്ങളിലേക്കു സൈനികർക്ക് ആവശ്യമായ താമസസൗകര്യം , ഭക്ഷണം , വസ്ത്രങ്ങൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട് . ചർച്ച ആരംഭിക്കുന്നതിന് തൊട്ട് മുൻപ് ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചിരുന്നു . ചില പ്രത്യേക ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ചിലർ നടത്തുന്ന പ്രവർത്തനങ്ങൾ ഇന്ത്യ വ്യക്തമായി മനസ്സിലാക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞത് ചൈനക്കും പാകിസ്ഥാനുമുള്ള ശക്തമായ മുന്നറിയിപ്പായാണ് വ്യാഖ്യാനിക്കപ്പെടുന്നത്

