ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗം; ചൈന അഭിപ്രായം പറയേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിനുള്ള അവകാശം ചൈനക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അതിർത്തി പ്രദേശത്തെ 44 പാലങ്ങൾ ഇന്ത്യ തുറന്നതിന് പിന്നാലെ ബെയ്ജിങ് നടത്തിയ അഭിപ്രായ പ്രകടനത്തോട് പ്രതികരിക്കവെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യ ഭാഗങ്ങളായിരുന്നുവെന്നും അത് എന്നും അങ്ങനെതന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
അരുണാചൽ പ്രദേശിനെ സംബന്ധിച്ച ഇന്ത്യയുടെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. കശ്മീരിനെയും ലഡാക്കിനെയും പോലെ അരുണാചൽ പ്രദേശും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇക്കാര്യം ചൈനയെ പലതവണ അറിയിച്ചതാണ്. ഉത്തതതല ചർച്ചകളിൽപോലും ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ശ്രീവാസ്തവ ചൂണ്ടിക്കാട്ടി.
ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി ഇന്ത്യ മാറ്റിയത് നിയമവിരുദ്ധമായാണെന്നും ചൈന അത് അംഗീകരിച്ചിട്ടില്ലെന്നും അതിർത്തി പ്രദേശത്തെ പാലങ്ങൾ ഇന്ത്യ തുറന്നതിന് പിന്നാലെ ചൈന പറഞ്ഞിരുന്നു. അതിർത്തി പ്രദേശങ്ങളിലേക്ക് സൈന്യത്തെയും ആയുധങ്ങളെയും അതിവേഗം എത്തിക്കാൻ പുതിയ പാലങ്ങൾ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, അതിർത്തിയിൽ ഇന്ത്യ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് സംഘർഷത്തിന്റെ മൂലകാരണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ആരോപിച്ചിരുന്നു.
ലഡാക്കിനെയും അരുണാചൽ പ്രദേശിനെയും അംഗീകരിച്ചിട്ടില്ലെന്നും അതിർത്തി മേഖലയിൽ സൈനിക മത്സരത്തിന് വഴിയൊരുക്കുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തെ എതിർക്കുമെന്നും ചൈന പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈന അഭിപ്രായം പറയേണ്ടതില്ലെന്നാണ് ന്യൂഡൽഹി വ്യക്തമാക്കിയിട്ടുള്ളത്. അതിർത്തി മേഖലയുടെ വികസനത്തിന് ഇന്ത്യ പ്രത്യേക ശ്രദ്ധ നൽകും. എന്നാൽ സമാധാനം നിലനിർത്തുകയും കരാറുകൾ മാനിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

