ബഹിരാകാശത്തേക്ക് പോകാന്‍ വനിതാ യുദ്ധവൈമാനികരെ തേടി ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം

തിരുവനന്തപുരം: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗൻയാനിന്റെ തുടർയാത്രകളിൽ വനിതാ യാത്രികരുമുണ്ടാകുമെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്. യുദ്ധവിമാനപരിശീലകരെയും ബഹിരാകാശശാസ്ത്രജ്ഞരെയുമാണ് ബഹിരാകാശയാത്രക്കാരായി തിരഞ്ഞെടുക്കുന്നത്. ഗഗൻയാൻ യാത്രയിൽ വനിതാ സഞ്ചാരികളുണ്ടായേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ‘‘ദൗത്യത്തിനുവേണ്ടി ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പെയ്‌സ് ഫ്ലൈറ്റ് സെന്ററിൽ ഫൈറ്റർ ടെസ്റ്റ് പൈലറ്റുമാരും ബഹിരാകാശശാസ്ത്രജ്ഞരും ഉൾപ്പെടുന്ന നാലുയാത്രക്കാർക്കാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. ഇതിൽ വനിതകളില്ല’’ – എസ്. സോമനാഥ് ‘മാതൃഭൂമി’യോട് പറഞ്ഞു. ഇപ്പോൾ ഇന്ത്യയിൽ വനിതാ ബഹിരാകാശശാസ്ത്രജ്ഞർ ഉണ്ടെങ്കിലും യുദ്ധവിമാനപരിശീലകരിൽ വനിതകളില്ല. ഭാവിയിൽ ഈ മേഖലയിൽ വനിതകൾ എത്തുമ്പോൾ അവരെ ഗഗൻയാനിന്റെ തുടർപദ്ധതികളിൽ പങ്കാളികളാക്കാനാണ് ഐ.എസ്.ആർ.ഒ. ഉദ്ദേശിക്കുന്നത്. ഗഗൻയാനിന്റെ ആദ്യ പരീക്ഷണപ്പറക്കലിൽ സ്ത്രീരൂപത്തിലുള്ള റോബോട്ടായ ‘വ്യോമമിത്ര’യെയാണ് അയക്കുന്നത്. മനുഷ്യയാത്രയ്ക്കു മുന്നോടിയായുള്ള പരീക്ഷണം എന്നനിലയ്ക്കാണ് വ്യോമമിത്ര ആദ്യം ബഹിരാകാശത്തേക്ക് പറക്കുക. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിൽ മനുഷ്യരെ അയച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതാണ് ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം. ഇതിന്റെ ആദ്യഘട്ടങ്ങളിലൊന്നായ ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണം കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു. പരീക്ഷണങ്ങളെല്ലാം പൂർത്തിയാക്കി ഗഗൻയാൻ ദൗത്യം അടുത്തവർഷം വിക്ഷേപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

