KSDLIVENEWS

Real news for everyone

ഫലസ്തീനില്‍ കൂട്ടക്കൊല തുടരുന്നു; മരണം 6500 കടന്നു; ആരോഗ്യ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു

SHARE THIS ON

ഗാസ സിറ്റി | ഗാസയില്‍ ഇസ്റാഈല്‍ നരനായാട്ട് 20ാം ദിവസത്തേക്ക് കടക്കുമ്ബോഴും ആക്രമണത്തില്‍ അയവ് വരുത്താതെ ഇസ്റാഈല്‍.

ഒക്‌ടോബര്‍ 7 മുതല്‍ തുടങ്ങിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 6546 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 756 പേരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 2,704 പേര്‍ കുട്ടികളാണ്. 17,439 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നിട്ടുണ്ട്.

ആക്രമണം 19 ദിവസം പിന്നിടുമ്ബോള്‍ അതീവ ദയനീയമാണ് ഗസ്സയിലെ സ്ഥിതി വിശേഷം. ലക്ഷക്കണക്കിന് ആളുകള്‍ ഭവനരഹിതരാക്കപ്പെട്ടു. യുദ്ധത്തില്‍ പരുക്കുപറ്റിയ കുട്ടികളും സ്ത്രീകളും അടക്കം പതിനായിരങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്. ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പല ആശുപത്രികളും ബോംബിഗിനെ തുടര്‍ന്ന് തകര്‍ന്നു. ആവശ്യമായ ജീവനക്കാരുടെയും മെഡിക്കല്‍ സപ്ലൈകളുടെയും അഭാവവും ആശുപത്രികളുടെ

പ്രവര്‍ത്തനം താറുമാറാക്കി.

ഗസ്സയില്‍ തകര്‍ന്ന ആരോഗ്യസംവിധാനം പുനസ്ഥാപിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അഷ്‌റഫ് അല്‍ ഖുദ്ര ആവശ്യപ്പെട്ടു. ആശുപത്രികള്‍ സര്‍വീസ് നിര്‍ത്തുന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ മുന്നറിയിപ്പുകള്‍ അന്താരാഷ്ട്ര സമൂഹം കണക്കിലെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രൂക്ഷമായ ഇന്ധനക്ഷാമം കാരണം ഗാസയിലെ ആശുപത്രികള്‍ ഏതുനിമിഷവും അടച്ചുപൂട്ടാൻ നിര്‍ബന്ധിതമായേക്കുമെന്ന് ഫലസ്തീൻ അഭയാര്‍ഥികള്‍ക്കായുള്ള യുഎൻ ഏജൻസിയും വ്യക്തമാക്കുന്നു.

അഭയാര്‍ഥി ക്യാമ്ബുകള്‍ക്ക് മുകളില്‍ ബോംബിടുന്നതും ഇസ്റാഈല്‍ തുടരുകയാണ്. ഇന്ന് ജെനിൻ അഭയാര്‍ത്ഥി ക്യാമ്ബിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍

കൊല്ലപ്പെട്ടു. ഗസ്സയിലുടനീളം സാധാരണക്കാരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടക്കുകയാണ്. നിരവധി പേര്‍ കഴിയുന്ന അല്‍-ഷാതി ക്യാമ്ബിന് നേരെയും വ്യോമാക്രമണം നടന്നു. അല്‍-മഗാസി ക്യാമ്ബില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഡസൻ കണക്കിന് കുട്ടികള്‍ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ ഫാമില്‍ വ്യോമാക്രമണത്തില്‍ ആറ് പേര്‍ മരിച്ചു.

ഇസ്റാഈലിന്റെ ആക്രമണത്തിന് ഇപ്പോള്‍ ഹമാസിന്റെ ഭാഗത്ത് നിന്നും കാര്യമായ ചെറുത്തുനില്‍പ്പ് ഉണ്ടാകുന്നില്ല. അതേസമയം, ഗാസയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ ചെങ്കടലിലെ തെക്കൻ ഇസ്റാഈലി തുറമുഖവും റിസോര്‍ട്ട് പട്ടണവുമായ എയ്‌ലാറ്റിലേക്ക് റോക്കറ്റ് വിക്ഷേപിച്ചതായി ഹമാസ് അറിയിച്ചു. തുറസ്സായ സ്ഥലത്താണ് റോക്കറ്റ് പതിച്ചതെന്ന് ഇസ്റാഈല്‍ സൈന്യം പറഞ്ഞു. ആക്രമണത്തില്‍ ആളപായമുണ്ടായതായി വിവരമില്ല.

സിറിയ ലക്ഷ്യമാക്കിയും ഇസ്റാഈല്‍ ആക്രമണം തുടരുകയാണ്. സിറിയയ്ക്കുള്ളില്‍ ഇസ്രായേല്‍ പുതിയ വ്യോമാക്രമണം നടത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് അലപ്പോ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം നടന്നതെന്ന് ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു.

ഗസ്സക്ക് എതിരായ ആക്രമണം അവസാനിപ്പിക്കാനും 2.3 ദശലക്ഷം ഫലസ്തീനികള്‍ക്ക് എതിരായ ഉപരോധം അവസാനിപ്പിക്കാനും ഇസ്റാഈലിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ജോര്‍ദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഫലസ്തീനികളെ പലായനത്തിലേക്ക് തള്ളിവിടുന്നതിനും ഗസ്സ നിവാസികളെ ആഭ്യന്തരമായി കുടിയൊഴിപ്പിക്കുന്നതിനുമുള്ള ഇസ്റാഈലിന്റെ ഏതൊരു ശ്രമത്തിനും തങ്ങള്‍ എതിരാണെന്നും അബ്ദുള്ള രാജാവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!