രാഷ്ട്രീയ എതിരാളിയേപ്പോലെ പെരുമാറുന്നു’; ഗവർണർക്കെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരേ എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. തമിഴ്‌നാട് നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നുവെന്ന് ആരോപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരേ രാഷ്ട്രീയ എതിരാളിയെ പോലെ ഗവര്‍ണര്‍ പെരുമാറുന്നെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍, കൈമാറുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍, നയങ്ങള്‍ എന്നിവയില്‍ ഒപ്പുവെക്കാത്ത ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നും ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു. സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഫയലുകളിലും ക്രിമിനല്‍ കേസുകളില്‍ നല്‍കേണ്ട പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച ഫയലുകളിലും ഗവര്‍ണര്‍ രവി ഒപ്പുവെക്കുന്നില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിച്ചു. 2020 മുതല്‍ കൈമാറിയ 12 ബില്ലുകളാണ് തീരുമാനമെടുക്കാതെ ഗവര്‍ണര്‍ പിടിച്ചുവച്ചിരിക്കുന്നത്. ഇതിന് പുറമെ 54 തടവുകാരുടെ മോചനം സംബന്ധിച്ച ഫയലുകളിലും ഗവര്‍ണറുടെ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഇവയില്‍ സമയബന്ധിതമായ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തമിഴ്‌നാട് സര്‍ക്കാരിന്റെ സ്റ്റാന്റിങ് കോണ്‍സല്‍ ശബരീഷ് സുബ്രമണ്യമാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

