ബംഗളൂരുവിൽ വെടിയേറ്റു മരിച്ച മനീഷ് ഷെട്ടി കാസർഗോഡ് ബേവിഞ്ച വെടിവെപ്പ് കേസിലെ പ്രതി

കാസര്‍ഗോഡ് : ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം വെടിയേറ്റുമരിച്ച, അധോലോക നേതാവ് രവി പൂജാരിയുടെ സഹായി മനീഷ് ഷെട്ടി കാസര്‍കോട് ബേവിഞ്ചയിലെ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെച്ച കേസിലെ പ്രതി. ഈ കേസില്‍ 2015ല്‍ മനീഷ് ഷെട്ടിയെ അന്നത്തെ കാസര്‍കോട് ഡി.വൈ.എസ്.പി. ആയിരുന്ന ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. പബ്ബ് ഉടമയായ മനീഷ് ഷെട്ടിയെ വ്യാഴാഴ്ച രാത്രി ബംഗളൂരു ബ്രിഗേഡ് റോഡിലെ ഡ്യുയറ്റ് ബാറിന് മുന്നില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപ്പെടുത്തിയത്. മനീഷ് ഷെട്ടിക്കെതിരെ നിരവധി കേസുകളുണ്ട്. മറ്റൊരു കേസില്‍ അറസ്റ്റിലായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുമ്പോഴാണ് ബേവിഞ്ചയിലെ വെടിവെപ്പ് കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി ഇവിടെ കൊണ്ടുവന്നതെന്ന് ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്ത് പറഞ്ഞു. ബേവിഞ്ച വെടിവെപ്പ് കേസില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. രവി പൂജാരി, കലി യോഗേഷ് എന്നിവരെ പിടികിട്ടാനുണ്ട്.

