വിഴിഞ്ഞം സമരത്തിനെതിരെ ഒന്നിച്ച് സിപിഎമ്മും ബിജെപിയും; വേദി പങ്കിട്ട് നേതാക്കള്‍

സമരത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ വേദി പങ്കിട്ട് സി.പി.എം- ബി.ജെ.പി. നേതാക്കള്‍. സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രജേഷുമാണ് ഒരേ വേദിയില്‍ എത്തിയത്. വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ പരിപാടിയില്‍ പറഞ്ഞു. സമരത്തിനെതിരായ കൂട്ടായ്മകള്‍ക്ക് സി.പി.എം. പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നായിരുന്നു വി.വി. രാജേഷിന്റെ പ്രതികരണം.
തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന മുല്ലൂരിലെ പ്രാദേശിക കൂട്ടായ്മയാണ് സമരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സമരപന്തല്‍ പൊളിക്കണമെന്നും തുറമുഖം തടസ്സപ്പെടുത്തരുതെന്നുമാണ് ഇവരുടെ ആവശ്യം. മുല്ലൂരില്‍ നടത്തിവരുന്ന പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ ലോങ്മാര്‍ച്ചിലാണ് ബി.ജെ.പി- സി.പി.എം. നേതാക്കള്‍ ഒരുമിച്ചെത്തിയത്.

