ഇന്ധനവില വർദ്ധനവ് സ്റ്റേറ്റ് സ്പോണ്സേര്ഡ് നികുതി ഭീകരതയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഇന്ധനവില വർദ്ധനവ് സ്റ്റേറ്റ് സ്പോൺസേർഡ് നികുതി ഭീകരതയെന്ന് പ്രതിപക്ഷം. സിപിഎം ഇതുവരെ കേന്ദ്ര സർക്കാരിനെതിരെ ഇന്ധനവില വർദ്ധനവിൽ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. മോദി സർക്കാരിനെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തുകൊണ്ടിരുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ധന നികുതിയിനത്തിൽ രണ്ടായിരത്തിലധികം കോടി രൂപയുടെ അധിക വരുമാനം സംസ്ഥാന സർക്കാരിന് കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഉൽപ്പന്നങ്ങൾക്ക് വില കൂടുമ്പോൾ സന്തോഷിക്കുന്നത് സംസ്ഥാനസർക്കാരാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഒരു ദിവസം സ്കൂളിൽ പോകണമെങ്കിൽ 157 രൂപയാണ് ഒരു കുട്ടിക്ക് കൊടുക്കേണ്ടി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സാധാരണക്കാർ ബുദ്ധിമുട്ടുമ്പോൾ അവരെ സഹായിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നുള്ളത് സങ്കടകരമായ കാര്യമാണ്. സർക്കാരിന് ഇന്ധനത്തിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനത്തിൽ നിന്ന് കുട്ടികളെ കൊണ്ടുപോകുന്ന കെഎസ്ആർടിസിക്ക് സബ്സിഡി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന് പലതും ചെയ്യാൻ കഴിയുമെങ്കിലും വിമർശനം ഉന്നയിച്ച് പ്രസംഗിക്കുകയല്ലാതെ മറ്റൊന്നും സർക്കാർ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.null
കേന്ദ്ര സർക്കാരിനെപ്പോലെ തന്നെ സംസ്ഥാന സർക്കാരും ഇന്ധനവില വർദ്ധനവിനെ അനുകൂലിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധിക നികുതി കിട്ടിയാൽ കൊള്ളാമെന്നുള്ള നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. ഇത് ജനവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില വർദ്ധനവിനെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. യുഡിഎഫ് കാലത്തുള്ള നികുതി കുറച്ചുവെന്നും എൽഡിഎഫ് നികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

