KSDLIVENEWS

Real news for everyone

സൈബർ ആക്രമണം; ജോജു ജോർജ് സമൂഹമാധ്യമങ്ങൾ ഉപേക്ഷിച്ചു

SHARE THIS ON

സമൂഹമാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകൾ നീക്കം ചെയ്ത് നടൻ ജോജു ജോർജ്. ഇന്ധനവില വർധനവിനെതിരേ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തെ ചോദ്യം ചെയ്തതിനുശേഷം ഉണ്ടായ സൈബർ ആക്രമണമാണ് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ജോജുവിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. ജോജുവിനെതിരേ കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ പരസ്യമായും രംഗത്തുവന്നിരുന്നു.

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്. നടൻ സ്വമേധയാ ഒഴിവാക്കുകയായിരുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.


കൊച്ചിയിലെ റോഡ് ഉപരോധത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വൈറ്റില ദേശീയ പാതയിലായിരുന്നു സമരം. മണിക്കൂറുകളോളം കാത്ത് നിൽക്കേണ്ടി വന്നപ്പോൾ ജോജു സംഘാടകരെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകരും ജോജുവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പ്രവർത്തകർ കാർ തല്ലിത്തകർക്കുകയുമായിരുന്നു. സംഭവത്തിൽ ജോജുവിന്റെ കൈയ്ക്കും പരിക്ക് പറ്റിയിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വണ്ടിക്കുണ്ടായത്.

ഇന്നലെ നടന്ന റോഡ് ഉപരോധ സമരത്തിന് അനുമതി നൽകിയിരുന്നില്ലെന്ന് ഡിസിപിയും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റുണ്ടാകുമെന്നാണ് കമ്മീഷണർ ഇപ്പോൾ വ്യക്തമാക്കുന്നത്. മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെടുത്തിയതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് പോലീസ് നീങ്ങുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മുൻ മേയർ ടോണി ചമ്മിണിക്കും മറ്റ് ഏഴു പേർക്കുമെതിരെ കേസെടുത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!