സദ്ബുദ്ധി തോന്നിയതിന് കേന്ദ്രത്തിന് നന്ദി; സംസ്ഥാനം കുറച്ചില്ലെങ്കില് പ്രക്ഷോഭം- സുധാകരന്

തിരുവനന്തപുരം: പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ച കേന്ദ്രസർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. വൈകിയെങ്കിലും സദ്ബുദ്ധി തോന്നിയതിന് കേന്ദ്രസർക്കാരിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇല്ലായിരുന്നെങ്കിൽ വളരെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലേക്കും സമരങ്ങളിലേക്കും കേരളം മാത്രമല്ല, ഇന്ത്യ മുഴുവനും പോകുമായിരുന്നു. ഇതിന് തടയിടാൻ ഈ പ്രഖ്യാപനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കേന്ദ്രസർക്കാരിന്റെ ഈ പ്രഖ്യാപനത്തോട് കേരളത്തിലെ സർക്കാർ എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് സുധാകരൻ ആരാഞ്ഞു. കേന്ദ്രം മാത്രം വില കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രം വില കുറയില്ല. സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണം. കേന്ദ്രസർക്കാർ കുറച്ചിട്ടും സംസ്ഥാന സർക്കാർ കുറയ്ക്കുന്നില്ലായെങ്കിൽ പ്രക്ഷോഭത്തിന്റെ വാൾമുന സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സമരം നിർത്തില്ല, പകരം സമരത്തിന്റെ ലക്ഷ്യം മാറ്റും. അതിനാൽ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചപ്പോൾ സംസ്ഥാന സർക്കാരും കുറച്ച് ഉമ്മൻ ചാണ്ടി സർക്കാർ കാണിച്ച മാതൃക പിണറായി സർക്കാർ കാണിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
കെ.പി.സി.സി. പുനഃസംഘടനയുമായി മുന്നോട്ടുപോകുമെന്നും സുധാകരൻ വ്യക്തമാക്കി. കർണാടയും ആന്ധ്രാപ്രദേശുമൊക്കെ സംസ്ഥാനത്തെ കോൺഗ്രസിനെ പ്രവർത്തനശൈലി കണ്ട് മനസ്സിലാക്കാൻ കേരളത്തിലേക്ക് വരാൻ തീരുമാനിച്ചിട്ടുണ്ട്. അത്രയേറെ റിസൾട്ട് ഓറിയന്റഡാണെന്നും സുധാകരൻ പറഞ്ഞു. പുനഃസംഘടന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ചതാണ്. പുനഃസംഘടനയിൽ അതൃപ്തിയുണ്ടെങ്കിൽ അത് നിർത്തിവെക്കാൻ നിർദേശിക്കാൻ അഖിലേന്ത്യാ കോൺഗ്ര് കമ്മിറ്റിക്ക് അധികാരമുണ്ട്. അത് അനുസരിക്കാൻ കേരളത്തിലെ നേതൃത്വത്തിന് ബാധ്യതയുമുണ്ട്. എന്നാൽ അങ്ങനെയുള്ളതൊന്നും താൻ പ്രതീക്ഷിക്കുന്നില്ല. കാരണം ഈ വിഷയം ഹൈക്കമാൻഡുമായി കേരളത്തിലെ നേതാക്കൾ പലവട്ടം സംസാരിച്ചിട്ടുണ്ട്. അവിടെനിന്ന് ലഭിച്ചത് ഗ്രീൻസിഗ്നലാണ്. അടിയന്തരമായി ബാക്കിയുള്ള പുനഃസംഘടന പൂർത്തിയാക്കണം എന്നതാണ് എ.ഐ.സി.സിയുടെ നിർദേശം. വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ അവശേഷിക്കുന്ന കാര്യങ്ങൾ കൂടി കെപിസിസി പൂർത്തീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

