എന്തുകൊണ്ട് കേരളത്തില്‍ പെട്രോളിന്റേയും ഡീസലിന്റേയും നികുതി കുറക്കുന്നില്ല; വിശദീകരിച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കോവിഡുകാലത്ത് സംസ്ഥാനത്ത് നികുതി വര്‍ധിപ്പിച്ചിട്ടില്ല. പല സംസ്ഥാനങ്ങളും കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അധിക സെസും നികുതിയും ഏര്‍പ്പെടുത്തിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ നികുതി വര്‍ധനവ് വേണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കൂട്ടിയ ഇന്ധന നികുതിയാണ് പല സംസ്ഥാനങ്ങളും ഇപ്പോള്‍ കുറച്ചതെന്നും കെ.എന്‍.ബാലഗോപാല്‍ വിശദീകരിച്ചു.
യു.ഡി.എഫ് സര്‍ക്കാര്‍ 13 തവണയാണ് ഇന്ധന നികുതി കൂട്ടിയത്. എന്നാല്‍, ഇത്തരത്തില്‍ നികുതി കൂട്ടി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു തവണ നികുതി കുറച്ചിരുന്നു. ഇതുമൂലം 550 കോടിയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. ബി.ജെ.പിയെ സഹായിക്കാനാണ് അവരുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍ കൂട്ടിയ നികുതിയുടെ മൂന്നിലൊന്ന് മാത്രമാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. 2018ല്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിരിക്കുന്ന സമയത്താണ് കേന്ദ്രം നികുതി വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഇന്ധനവില കുറച്ചപ്പോള്‍ അതിന് ആനുപാതികമായി കേരളത്തിലും കുറഞ്ഞു. അര്‍ഹമായ നികുതിവിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

