KSDLIVENEWS

Real news for everyone

അങ്ങിനെ അംബാനിയും നാടുവിടുന്നു; ഇനി താമസിക്കുക ലണ്ടനിലെ 592 കോടിയുടെ ആഡംബര കൊട്ടാരത്തില്‍

SHARE THIS ON

മുംബൈ: ഇന്ത്യയിെല ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി സ്ഥിര താമസത്തിനായി ലണ്ടന്‍ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ലണ്ടനിലെ സ്‌റ്റോക് പാര്‍ക്കില്‍ ഈയിടെ വാങ്ങിയ ആഡംബര ബംഗ്ലാവിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ താമസം മാറുന്നതായാണ് വിവരം. ഭാവിയില്‍ മുംബൈയിലും ലണ്ടനിലുമായി മാറിമാറിയാകും അംബാനിയും കുടുംബവും താമസിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലണ്ടന്‍ സ്‌റ്റോക് പാര്‍ക്കിലെ ബക്കിങ്ഹാം ഷെയറില്‍ മുന്നൂറ് ഏക്കര്‍ വിസ്തൃതിയുള്ള ബംഗ്ലാവ് കഴിഞ്ഞ ഏപ്രിലില്‍ അംബാനി സ്വന്തമാക്കിയിരുന്നു. 592 കോടി രൂപയാണ് ഇതിനായി മുടക്കിയത്.

ആന്‍റിലിയ എന്ന കൊട്ടാരം

ലോകത്തിലെ ഏറ്റവും വിലയേറിയ ഭവനം എന്നറിയപ്പെടുന്ന ആന്‍റിലിയയിലാണ് അംബാനിയും കുടുംബവും ഇതുവരെ താമസിച്ചിരുന്നത്. മുംബൈയിലെ ആള്‍ട്ടമൗണ്ട് റോഡിലാണ് ആന്‍റിലിയ സ്ഥിതി ചെയ്യുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നതിനെ കുറിച്ച്‌ അംബാനി കുടുംബം ചിന്തിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഗുജറാത്തിലെ ജാംനഗറിലായിരുന്നു ശതകോടീശ്വരനും കുടുംബവും താമസിച്ചിരുന്നത്. റിലയന്‍സിന്റെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജാംനഗര്‍.


‘മുംബൈയിലേത് പോലെ ഇടുങ്ങിയ സ്ഥലത്തുള്ള ഉയര്‍ന്ന കെട്ടിടത്തിന് പകരം തുറസ്സായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട്ടിലേക്ക് മാറാന്‍ അവര്‍ ആഗ്രഹിക്കുന്നു’ -എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച്‌ മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്തയുമായി ബന്ധപ്പെട്ട് അംബാനി കുടുംബത്തിന്‍റെ പ്രതികരണം ആരാഞ്ഞെങ്കിലും ലഭിച്ചിട്ടില്ല. ഇത്തവണ അംബാനിയുടെ ദീപാവലി ആഘോഷവും സ്‌റ്റോക് പാര്‍ക്കിലെ ബംഗ്ലാവിലിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് അംബാനി ദീപാവലി രാജ്യത്തിന് പുറത്ത് ആഘോഷിക്കുന്നത്. യുകെയിലെ വീട്ടില്‍ ക്ഷേത്രം ഒരുക്കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള ശില്‍പ്പിക്കാണ് ഇതിന്‍റെ ചുമതല.


ആഡംബര സമൃദ്ധം, ബക്കിങ്ഹാം ഷെയര്‍ ക്ലബ്

ബ്രിട്ടനിലെ പ്രധാനപ്പെട്ട കണ്‍ട്രി ക്ലബുകളില്‍ ഒന്നാണ് അംബാനി സ്വന്തമാക്കിയ ബക്കിങ്ഹാം ഷെയര്‍ കൊട്ടാരം. സെലിബ്രിറ്റികള്‍ അടക്കം ഒത്തുകൂടുന്ന പഞ്ചനക്ഷത്ര ഹോട്ടലും ഗോള്‍ഫ് കോഴ്‌സും ഇതിലുണ്ട്. ജയിംസ് ബോണ്ടിന്റെ ഏറ്റവും വലിയ ഹോളിവുഡ് വിജയങ്ങളിലൊന്നായ ഗോള്‍ഡ് ഫിംഗറും നെറ്റ്ഫ്‌ളിക്‌സില്‍ തരംഗമായ ദ ക്രൗണ്‍ സീരിസും ഉള്‍പ്പെടെ നിരവധി സിനിമകള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.പ്രധാന കെട്ടിടത്തില്‍ 49 കിടപ്പുമുറികളുണ്ട്. നിലവില്‍ 300 ഏക്കര്‍ വസ്തുവില്‍ തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുകയാണ് കുടുംബം. സ്വകാര്യ വസതിയായിരുന്ന മാന്‍ഷന്‍ 1908ന് ശേഷമാണ് കണ്‍ട്രി ക്ലബ്ബാക്കി മാറ്റുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!