സുഹൃത്തിനുവേണ്ടി യുവതിയുടെ ഫോണ്‍ ചോര്‍ത്തി; അസിസ്റ്റന്‍ഡ് കമ്മീഷണര്‍ക്കെതിരെ അന്വഷണം

കോഴിക്കോട്: സുഹൃത്തിന് വേണ്ടി യുവതിയുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശനെതിരേ വകുപ്പു തല അന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്. അസിസ്റ്റന്റ് കമ്മീഷണർ തന്റെ സുഹൃത്തിന്റെ ഭാര്യയുടെ ഫോൺ രേഖകളാണ് ഔദ്യോഗിക ആവശ്യത്തിനാണെന്ന വ്യാജേന ചോർത്തി നൽകിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.
സൈബർ സെല്ലിൽ നിന്ന് ലഭിച്ച ഫോൺ രേഖ അസി.കമ്മീഷണർ യുവതിയുടെ ഭർത്താവിന് കൈമാറുകയും ഭർത്താവ് ഈ രേഖകൾ മറ്റുള്ളവർക്ക് നൽകുകയും ചെയ്തുവെന്നുമാണ് ആരോപണം. ഫോൺ കോൾ വിവരങ്ങൾ ചോർന്നതറിഞ്ഞതോടെ യുവതി മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ മലപ്പുറം എസ്പി ഉത്തരമേഖലാ ഐജിയ്ക്കും ഡിജിപിയ്ക്കും റിപ്പോർട്ട് സമർപ്പിച്ചു. തുടർന്നാണ് ഡിജിപി വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണത്തിന്റെ ഭാഗമായല്ലാതെ സൈബർ സെല്ലിൽ നിന്ന് സിഡിആർ പോലീസുദ്യോഗസ്ഥർക്ക് ലഭിക്കാറില്ല. സിഡിആർ ലഭിക്കുന്നതിന് കമ്മീഷണറുടെ അനുമതിയും ആവശ്യമാണ്. സിറ്റി പരിധിയിലെ ഒരു സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ പ്രതികളുടെ സിഡിആർ എടുക്കുന്നതിനൊപ്പം യുവതിയുടെ ഫോൺ കോളുകൾ കൂടി ഉൾപ്പെടുത്തിയെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായതിനാൽ സൈബർ സെല്ലിൽ നിന്ന് അസി.കമ്മീഷണർ നിർദേശിച്ച പ്രകാരം എല്ലാ നമ്പറുകളുടേയും വിവരങ്ങൾ കൈമാറുകയും ചെയ്തു. ഈ വിവരങ്ങൾ അസി.കമ്മീഷണർ യുവതിയുടെ ഭർത്താവിന് അയച്ചു നൽകി. ഫോൺ കോൾ ചോർന്നതറിഞ്ഞതോടെ യുവതി മലപ്പുറം എസ്പിയെ സമീപിക്കുകയായിരുന്നു.

