ഇന്ധനനികുതി കുറച്ചു, സൗജന്യ റേഷൻ നീട്ടി; ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ ബി.ജെ.പി.

ന്യൂഡൽഹി : ഉപതിരഞ്ഞെടുപ്പു ഫലങ്ങളുടെ പശ്ചാത്തലത്തിൽ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ താഴെത്തട്ടിൽ സ്വാധീനമുണ്ടാക്കുന്ന വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ആവിഷ്കരിക്കാൻ ബി.ജെ.പി.
കേന്ദ്രത്തിനൊപ്പം ചേർന്ന് എണ്ണനികുതി കുറച്ചതുകൂടാതെ സൗജന്യ റേഷൻ പദ്ധതി തുടരുമെന്ന പ്രഖ്യാപനം ഉത്തർപ്രദേശിൽ നടത്തിയത് ഈ ലക്ഷ്യവുമായാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന.
ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക നിലപാട് ബി.ജെ.പി. കേന്ദ്രനേതൃത്വം ഇതുവരെ തുറന്നുപറഞ്ഞിട്ടില്ല. പണപ്പെരുപ്പംമുതൽ പ്രാദേശിക പ്രശ്നങ്ങൾവരെ ചില സംസ്ഥാനനേതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. കർഷകസമരവും വിലക്കയറ്റവും തിരിച്ചടിക്ക് പ്രധാനകാരണങ്ങളായെന്നാണ് ഉൾപ്പാർട്ടി വിലയിരുത്തൽ. താഴെത്തട്ടിലെ ജനങ്ങളെയും ഗ്രാമീണമേഖലകളെയും ഈ വിഷയങ്ങൾ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിൽ അതാണ് പ്രതിഫലിച്ചതെന്നും നേതാക്കൾ പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ഇതേത്തുടർന്നാണ് എണ്ണവില കുറയ്ക്കാൻ തിടുക്കത്തിൽ നടപടികൾ സ്വീകരിച്ചത്.
കോവിഡ് കാലത്ത് കേന്ദ്രം പ്രഖ്യാപിച്ച സൗജന്യ റേഷൻ പദ്ധതി ഹോളിവരെയാണ് യു.പി. സർക്കാർ നീട്ടിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഈ സൗജന്യം ലഭ്യമായിരിക്കുമെന്ന് ബി.ജെ.പി. ഉറപ്പിച്ചു. കഴിഞ്ഞദിവസം അയോധ്യയിൽ ഒരു ചടങ്ങിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനം പ്രഖ്യാപിച്ചത്. ഹിമാചൽപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് തുടങ്ങിയ സർക്കാരുകളും ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങുകയാണ്.
ഈ മാസം ഒടുവിൽ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനം, അടുത്തവർഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ എന്നിവയെ നേരിടുന്നതിനുള്ള അടിയന്തര നടപടികളാണ് ബി.ജെ.പി. ആവിഷ്കരിക്കുന്നത്. കർഷകസമരവും വിലക്കയറ്റവും പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കും. ഈ രണ്ടു വിഷയങ്ങളെച്ചൊല്ലി ബി.ജെ.പി.ക്കുള്ളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. മോദി-ഷാ മേധാവിത്വംമൂലം തുറന്നുപറയാൻ കഴിയാത്തതിനാൽ അഭിപ്രായം പാർട്ടിക്കുള്ളിൽ ഉയർത്താനാണ് ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുന്നത്.
ജനങ്ങളോട് നേരിട്ട് ഇടപെടേണ്ടിവരുന്ന താഴെത്തട്ടിലെ പ്രവർത്തകരാണ് കൂടുതൽ പ്രതിസന്ധിയിലായതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പ്രധാനപ്രശ്നങ്ങളിൽ അടിയന്തര ഇടപെടൽ വേണമെന്ന് അവർ നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. ആർ.എസ്.എസ്. നേതൃത്വത്തോടും ഈ നിലപാട് ഒരു വിഭാഗം നേതാക്കൾ പങ്കുവെച്ചിട്ടുണ്ട്.

