ഏഴ് വനപാലകർക്ക് കോവിഡ്: പ്രതിരോധം പാളി; കാട്ടാനക്കൂട്ടം എരിഞ്ഞിപ്പുഴയിൽ താണ്ഡവമാടി

എരിഞ്ഞിപ്പുഴ: ഒരൊറ്റ ദിവസംകൊണ്ട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. സർവസംവിധാനങ്ങളുമുപയോഗിച്ച് ആനക്കൂട്ടത്തെ പ്രതിരോധിച്ചിരുന്ന സേനയിൽനിന്ന് കോവിഡ് ബാധിച്ച് ഏഴുപേർ കൊഴിഞ്ഞുപോയത് പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി. പ്രതിരോധത്തിലെ പഴുതുകൾക്ക് തക്കംപാർത്തിരുന്ന ആനക്കൂട്ടം ഈ സമയം പയസ്വിനിപ്പുഴ കടന്നു
ബുധനാഴ്ചയാണ് വനംവകുപ്പിന്റെ പാണ്ടിയിലുള്ള ബന്തടുക്ക സെക്ഷൻ ഓഫീസിലെ ഏഴ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി പ്രാഥമിക സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോയതും പ്രതിരോധത്തെ തളർത്തി. മുളിയാർ വനത്തിൽനിന്ന് പ്രത്യേക ദൗത്യസേനയുടെയും നാട്ടുകാരുടെയും സഹായത്താൽ കർണാടക വനത്തിലെത്തിച്ച ആനക്കൂട്ടം ഒരുമാസത്തിനുശേഷം മുളിയാർ വനത്തിനരികിലെത്തി. രണ്ടുമാസം രാവും പകലും അധ്വാനിച്ച് പുലിപ്പറമ്പ് കടത്തിയ ആനകൾ കർഷകരുടെ മനസ്സിൽ തീകോരിയിട്ടാണ് തിരിച്ചെത്തുന്നത്.
സോളാർ വേലി തകർത്തു; കൃഷി നശിപ്പിച്ചു
പുഴക്കരയിലൂടെ എത്തിയ ആനകൾ സോളാർവേലി മരക്കമ്പുപയോഗിച്ച് അടിച്ചുതകർത്ത് തോട്ടത്തിലിറങ്ങി. കെ. കുഞ്ഞമ്പു നായർ, കെ. ബാലകൃഷ്ണൻ, കരുണാകരൻ നായർ, ഇ. മുരളീധരൻ നായർ തുടങ്ങിയവരുടെ തോട്ടത്തിലിറങ്ങി ഒട്ടേറെ കവുങ്ങ്, തെങ്ങ്, വാഴ എന്നിവ നശിപ്പിച്ചു. ജലസേചനത്തിനായി സ്ഥാപിച്ച പൈപ്പ് ലൈനുകൾ ചവിട്ടിത്തകർത്തു. മോട്ടോർ പുരയും നശിപ്പിച്ചു.
വ്യാഴാഴ്ച പുലർച്ചെവരെ മഴ പെയ്തതിനാൽ ആനക്കൂട്ടം തോട്ടത്തിലിറങ്ങിയത് നാട്ടുകാർ അറിഞ്ഞില്ല. ഇത് നഷ്ടത്തിന്റെ ആക്കം കൂട്ടി. ആനക്കൂട്ടം നെയ്യംകയത്തിനടുത്ത് ഇപ്പോൾ തമ്പടിച്ചിരിക്കുകയാണ്. പ്രതിരോധിക്കാനാവാതെ ചുറ്റിലും നിസ്സഹായരായി കർഷകരും.

