KSDLIVENEWS

Real news for everyone

‘ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം അനുവദിക്കില്ല; അടിയന്തര നടപടികള്‍ സ്വീകരിച്ചു’

SHARE THIS ON

തിരുവനന്തപുരം∙ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കേണ്ടതില്ലെന്ന് തീ പിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗത്തിൽ തീരുമാനം. ബ്രഹ്മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്കരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും യോഗത്തിൽ തീരുമാനിച്ചു.
ജൈവ മാലിന്യ സംസ്കരണത്തിന് വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യും. ബ്രഹ്മപുരത്തേക്ക് റോ‍ഡ് സൗകര്യം ഉറപ്പാക്കും. ജില്ലാ കലക്ടര്‍, കോര്‍പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ  ബോധവത്ക്കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനു മുന്നോടിയായി ചേരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.


യോഗത്തിൽ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്ടര്‍ വിശദീകരിച്ചു. മാർച്ച് 2ന് വൈകിട്ട് 4.30നാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടിത്തം റിപ്പോർട്ട് ചെയ്തത്. ഉടൻ തന്നെ അഗ്നിരക്ഷാസേന, പൊലീസ് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാലിന്യത്തിന്‍റെ രാസ വിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിർഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്‌മോൾഡറിങ് ആണ് പ്രധാനമായും പ്ലാന്റിൽ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവേ ചൂട് വർധിച്ചു വരുന്ന സാഹചര്യമുണ്ട്. ഇത് തീപിടിത്തത്തിന്‍റെ ആക്കം കൂട്ടി. തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്നിരക്ഷാ സേനയുടെ ശ്രമങ്ങൾക്ക് പുറമേ നേവി, വ്യോമ സേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും സഹായം ലഭ്യമാക്കി. 

കത്തിപ്പടരുന്ന തീ പൂർണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടിൽ നീറി പുകയുന്ന സ്ഥിതി തുടർന്നു. ഇതുവഴിയാണ് പ്ലാന്‍റിന് സമീപപ്രദേശത്ത് പൊതുവേ പുക പടരുന്ന സാഹചര്യമുണ്ടായത്‌. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക ബഹിർഗമിക്കുന്ന മേഖലകളിൽ മാലിന്യങ്ങൾ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. അഗ്നിരക്ഷാസേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയർ എൻജിനുകൾക്ക് പുറമേ ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുള്ള 3 ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് മിനിറ്റിൽ 60,000 ലീറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്.

ബ്രഹ്മപുരം പ്ലാന്‍റിൽ തീപിടിത്തമുണ്ടായ വിവരം ലഭിച്ചത് മുതൽ ജില്ലാ ഭരണകൂടം തീയണയ്ക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയാണ്. നിലവിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി 300 അഗ്നിരക്ഷാസേനാ ജീവനക്കാർ, 70 മറ്റു തൊഴിലാളികൾ, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി/ജെസിബി ഓപ്പറേറ്റർമാർ, 31 ഫയർ യൂണിറ്റുകള്‍, 4 ഹെലികോപ്റ്ററുകള്‍, 14 ഓളം അതിതീവ്ര മർദ ശേഷിയുള്ള ജലവാഹക പമ്പുകള്‍, 36 ഹിറ്റാച്ചി ജെസിബികള്‍ എന്നിവയുടെ സഹായത്തോടെ പ്രവർത്തനം നടത്തുകയാണ്.

യോഗത്തില്‍ മന്ത്രിമാരായ പി.രാജീവ്, എം.ബി.രാജേഷ്, വീണാ ജോര്‍ജ്, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി, അഡിഷനല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി.വേണു, ശാരദാ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്, അഗ്നിരക്ഷാസേന ഡയറക്ടര്‍ ബി.സന്ധ്യ, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഗ്നിരക്ഷാസേന, നേവി, ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!