സൗദിയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം: പ്രവാസികളടക്കം 73 പേർക്ക് പരുക്ക്; ശക്തമായി തിരിച്ചടിക്കുമെന്ന് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യകളെ ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതർ നടത്തിയ അതിർത്തി കടന്നുള്ള ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും പ്രവാസികളും അടക്കം 73 പേർക്ക് പരുക്കേറ്റു. യമനിൽ വീണ്ടും പോരാട്ടം ശക്തമായ പശ്ചാത്തലത്തിൽ അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിലെ ജനവാസ മേഖലകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
ഗുരുതരമായ സാഹചര്യമാണെന്നും സൗദിയുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും സൗദി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഭീഷണിയുയർത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്നും ആക്രമണത്തിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാൻ ആവശ്യമായ സൈനിക നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യമൻ സർക്കാരും ഹൂതികളും തമ്മിലുള്ള വെടിനിർത്തൽ ധാരണകൾ തകർന്നതിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുകയാണ്. ജൂലൈയിൽ സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂതികൾ, ചെങ്കടലിൽ സൗദി കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തിയിരുന്നു.
അതേസമയം, യമനിലെ അൽ ജോഫ് പ്രവിശ്യയിലുള്ള തടവുകേന്ദ്രത്തിന് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ കുട്ടിയടക്കം ഏഴുപേർ കൊല്ലപ്പെട്ടതായി ഹൂതികൾ ആരോപിച്ചു. എന്നാൽ ഈ ആരോപണത്തോട് സൗദി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

