ലോകത്തിന് വീണ്ടും ശ്വസിക്കാൻ കഴിയണമെന്ന് ഫലസ്തീൻ ; ബൈഡന്റെ വിജയത്തിൽ ലോകരാജ്യങ്ങൾ

വാഷിങ്ടണ്‍: ജോ ബൈഡന്‍െറ യു.എസ് തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചിള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ലോകരാജ്യങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തി. 77കാരനായ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി 270 എന്ന മാന്ത്രിക സംഖ്യ നേടിയതോടെയാണ് വിജയത്തോടടുത്തത്. ട്രംപിന്‍െറ തോല്‍വി പുതിയൊരു അമേരിക്കയെ സൃഷ്ടിക്കുമെന്നാണ് ചില രാജ്യങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. ബൈഡന്‍െറ വിജയത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതികരണമറിയാം.
കാനഡ
ഇരു രാജ്യങ്ങളും സുഹൃത്തുക്കളാണെന്നും ബൈഡനും കമലഹാരിസിനുമൊപ്പം നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാനാണ് ആഗ്രഹിക്കുന്നതെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പറഞ്ഞു. ഇരുവരുടെയും വിജയത്തില്‍ അദ്ദേഹം ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
യു.കെ
കാലാവസ്ഥമാറ്റം, വ്യാപാരം, സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ഭാവിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. മതിലുകള്‍ക്ക് പകരം പാലങ്ങള്‍ നിര്‍മിക്കേണ്ട കാലമാണ് വരുന്നതെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും വ്യക്തമാക്കി.
പാകിസ്താന്
അഫ്ഗാനിസ്താനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പുതിയ യു.എസ് ഭരണാധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇംറാന്‍ ഖാന് പറഞ്ഞു. നികുതി സമ്ബ്രദായങ്ങളിലെ മാറ്റങ്ങള്‍ക്കായും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്
വിനാശകരമായ യു.എസിന്‍െറ നയത്തില്‍ മാറ്റം വരുമെന്ന പ്രതീക്ഷ ഇറാന് വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാങ്കരി പ്രകടിപ്പിച്ചു. യു.എസിന്‍െറ നയങ്ങളില്‍ വ്യതിയാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അന്താഷ്ട്ര നിയമങ്ങളേയും കരാറുകളേയും അവര്‍ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന് വൈസ് പ്രസിഡന്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാന്‍സ്
ജോ ബൈഡനും കമല ഹാരിസിനും അഭിനന്ദനങ്ങള്‍, ലോകം നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍ പറഞ്ഞു. അമേരിക്കക്ക് വീണ്ടും സ്വാഗതമെന്നായിരുന്നു പാരീസ് മേയര്അന്ന ഹിഡാല്‍ഗോയുടെ പ്രതികരണം.
ഫലസ്തീന്
ലോകത്തിന് വീണ്ടും ശ്വസിക്കാന്‍ കഴിയണമെന്നായിരുന്നു ഫലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് അംഗവും നേതാവുമായ ഹനാന് അശ്ഹരാവിയുടെ ട്വീറ്റ്. ട്രംപിന്‍െറ നയങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് അതിന് പകരം മനുഷത്വവും നിയമപരവുമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജര്‍മ്മനി
ബൈഡനേയും കമലയേയും അഭിനന്ദിക്കുകയാണെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ വ്യക്തമാക്കി. ഈ സമയത്തെ വെല്ലുവിളികളെ ഒരുമിച്ച് നേരിടാമെന്നും പറഞ്ഞു.
ഇറാഖ്
ജോ ബൈഡന് വിശ്വസ്ത സുഹൃത്തായിരിക്കുമെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ് പറഞ്ഞു.മിഡില്‍ ഈസ്റ്റില്‍ സമാധാനവും സുസ്ഥിരതയും കൊണ്ടു വരുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കും. അതാണ് ഇരുരാജ്യങ്ങളുടെയും പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യുറോപ്യന്‍ യൂണിയന്
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനേയം വൈസ് പ്രസിഡന്റ് കമലഹാരിസിനേയും അഭിനന്ദിക്കുന്നു. എക്കാലവും നല്ല സുഹൃത്ത് ബന്ധം യുറോപ്യന്‍ യൂണിയനും അമേരിക്കയും തമ്മിലുണ്ടായിരുന്നുവെന്ന് യുറോപ്യന്‍ യൂണിയന് പ്രതികരിച്ചു.
നാറ്റോ
നാറ്റോ സഖ്യത്തെ ശക്തമായി പിന്തുണക്കുന്നയാളാണ് ബൈഡനെന്ന് സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ് പറഞ്ഞു. ശക്തമായ നാറ്റോ സഖ്യം വടക്കേ അമേരിക്കക്കും യുറോപ്പിനും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

