62 പേരുമായി കാണാതായ ഇന്‍ഡൊനീഷ്യന്‍ വിമാനം തകര്‍ന്നെന്ന് സംശയം; തിരച്ചില്‍ പുരോഗമിക്കുന്നു

ജക്കാർത്ത: 62 പേരുമായി പറന്നുയർന്നതിനു പിന്നാലെ കാണാതായ ഇൻഡൊനീഷ്യൻ വിമാനം കടലിൽ തകർന്നുവീണതായി സംശയം. ഈ വിമാനത്തിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങൾ കടലിൽനിന്ന് ലഭിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു.null
ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.30ന് ജക്കാർത്തയിൽനിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറിൽനിന്ന് അപ്രത്യക്ഷമായത്. 12 ജീവനക്കാർ ഉൾപ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഇൻഡൊനീഷ്യൻ ഗതാഗതമന്ത്രി ബുഡി കാര്യ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം 56 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത് എന്നും സൂചനകളുണ്ട്.
രാജ്യത്തിന്റെ വടക്കൻ സമുദ്ര മേഖലയിൽ തിരച്ചിൽ നടത്താൻ വിവിധ സംഘങ്ങളെ നിയോഗിച്ചതായി ഇൻഡൊനീഷ്യയുടെ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസിയായ ബസർനാസിന്റെ മേധാവി ബാഗസ് പുരോഹിതോ അറിയിച്ചു. ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസിയിൽനിന്ന് ലഭിക്കുന്ന വിവരം.

അതേസമയം ഇന്ന് കാണാതായ വിമാനത്തിന്റേത് എന്നു കരുതുന്ന അവശിഷ്ടങ്ങൾ കടലിൽനിന്ന് ലഭിച്ചതായി സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസിയിലെ മറ്റൊരു ഉദ്യോഗസ്ഥൻ ആഗസ് ഹര്യോണോ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. എന്നാൽ ഇപ്പോൾ കണ്ടെത്തിയ അവശിഷ്ടങ്ങൾ കാണാതായ വിമാനത്തിന്റേത് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജക്കാർത്തയിൽനിന്ന് പറന്നുയർന്ന് നാലുമിനിട്ടിനു ശേഷം എസ്.ജെ. 182 നിശ്ചിത ഉയരത്തെക്കാൾ 10,000 അടി താഴ്ചയിലാണ് പറന്നിരുന്നതെന്ന് സ്വകാര്യ ട്രാക്കിങ് സേവനദാതാക്കളായ ഫ്ളൈറ്റ് റൈഡർ 24 പറഞ്ഞു.

