KSDLIVENEWS

Real news for everyone

ഭർതൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമർദനം; മുഖത്ത് ഇടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ

SHARE THIS ON

കൊച്ചി ∙ തൃശൂർ കൊരട്ടിയിൽ യുവതിക്ക് ഭർതൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമർദനം. മുഖത്ത് ഇടിയേറ്റു ഗുരുതരാവസ്ഥയിലായ പെരുമ്പാവൂർ സ്വദേശിനി എം.എസ്.വൈഷ്ണവി അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ആറുമാസം മുൻപു വിവാഹം കഴിച്ചു കൊരട്ടിയിലേയ്ക്കു കൊണ്ടുവന്ന യുവതിക്കാണ് ഭർ‍തൃവീട്ടിലെ ദുരനുഭവം. ഭർതൃമാതാവും ഭർത്താവിന്റെ സഹോദരനും മർദിച്ചിരുന്നതായും തന്നെ പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. 

മൂന്നു കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന ഇയാളുമായുള്ള അമ്മയുടെ അടുപ്പം അതിരു വിടുന്നെന്നു തോന്നിയപ്പോൾ വിലക്കിയതാണ് മർദനത്തിനു കാരണമെന്നാണു യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് ഇയാൾ എന്നാണ് അവകാശവാദം. ഇത്തരത്തിൽ വശത്താക്കിയതാണ് തന്റെ അമ്മയെ എന്നു പരുക്കേറ്റ പെൺകുട്ടിയുടെ ഭർത്താവ് കൊരട്ടി പാലപ്പള്ളി മോഴിക്കുളം മുകേഷ് പറയുന്നു. 

ഇയാൾ പറയുന്നതു മാത്രമേ അമ്മ കേൾക്കൂ എന്നു വന്നതോടെയാണ് വീട്ടിൽ വരുന്നതിനും അനാവശ്യമായി ഫോൺ വിളിക്കുന്നതിനും വിലക്കേർപ്പെടുത്തിയത്. ഇയാൾ കൊല്ലുമെന്നു ഭീഷണി മുഴക്കിയതോടെ ഇക്കാര്യം ഇയാളുടെ ഭാര്യയെയും മകനെയും അറിയിച്ചു. ഇത് രണ്ടു കുടുംബത്തിന്റെയും പ്രശ്നമാണ്, രമ്യമായി പരിഹരിക്കണം എന്നായിരുന്നു ഇയാളുടെ വീട്ടുകാരുടെ മറുപടി.

ഞായറാഴ്ച രാത്രി വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ അപ്രതീക്ഷിതമായി കയറി വന്നതും വൈഷ്ണവിയുടെ മുഖത്ത് ഇടിച്ചതും. തടയാൻ ചെന്ന ഭർത്താവിനും മർദനമേറ്റെങ്കിലും പരുക്കില്ല. ഇയാൾ വന്ന കാർ തടഞ്ഞിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ആശുപത്രിയിൽനിന്ന് അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മൊഴിയെടുത്തെങ്കിലും ഇയാളെ അറസ്റ്റു ചെയ്തില്ല. ഇയാൾ ഒളിവിലാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം നേരിട്ടു സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടുണ്ട്.

വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹമായിട്ടും ക്രൂരമായ മർദനമാണ് വീട്ടിൽ ഭാര്യയ്ക്ക് ഏൽക്കേണ്ടി വന്നത്. വിവാഹ ശേഷം വൈഷ്ണവിക്ക് എട്ടുകിലോ തൂക്കം കുറഞ്ഞെന്നും മുകേഷ് മനോരമ ഓൺലൈനോടു പറഞ്ഞു. സിവിൽ എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയാണ് വൈഷ്ണവി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!