KSDLIVENEWS

Real news for everyone

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; വീടിന്റെ ഗെയ്റ്റ് തകര്‍ത്തെത്തി ആക്രമണം

SHARE THIS ON

കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടമല പനച്ചി സ്വദേശി അജിയാണ് കൊല്ലപ്പെട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച കര്‍ണാടകത്തില്‍ നിന്നെത്തിയ ആനയാണ് ആക്രമണം നടത്തിയത്. അജിയുടെ മൃതദേഹം നിലവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍ ഉയര്‍ത്തി ഇവിടെ നാട്ടുകാരുടെ പ്രതിഷേധവും നടക്കുന്നുണ്ട്. പുലര്‍ച്ചെ ആന ജനവാസമേഖയില്‍ ഇറങ്ങിയതായി റേഡിയോ കോളര്‍ വഴി നിരീക്ഷിച്ചപ്പോള്‍ വ്യക്തമായിരുന്നു. വനപാലകര്‍ കാട്ടാനയെത്തുരത്തി വനത്തോട് അടുത്ത ചാലിഗദ്ദ എന്ന സ്ഥലംവരെ എത്തിച്ചിരുന്നു. എന്നാല്‍, കൃഷിയിടത്തിലേക്ക് ജോലിക്കാരെ വിളിക്കാന്‍ പോയ അജിയെ ആന ഓടിക്കുകയായിരുന്നു. അജി തൊട്ടടുത്തുള്ള വീട്ടിലേക്ക് മതില്‍ ചാടി കടന്നെങ്കിലും പിന്നാലെ എത്തിയ ആന ഗേറ്റ് പൊളിച്ചുകയറി അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തണ്ണീര്‍ക്കൊമ്പനൊപ്പം ബന്ദിപ്പുര്‍ വനമേഖലയില്‍ തുറന്നുവിട്ട ഒരു കാട്ടാനകൂടി വയനാട്ടിലുണ്ടെന്ന് കഴിഞ്ഞ ദിവസം സി.സി.എഫ്. വ്യക്തമാക്കിയിരുന്നു. റേഡിയോ കോളറിന്റെ ആന്റിനയും റിസീവറും ആവശ്യപ്പെട്ട് കേരള വനംവകുപ്പ് കര്‍ണാടകത്തിന് കത്തയച്ചിരുന്നു. എന്നാല്‍, ഇന്റര്‍നെറ്റ് വഴി ട്രാക്ക് ചെയ്യുന്ന യൂസര്‍ ഐഡിയും പാസ്‌വേഡും മാത്രമായിരുന്നു കര്‍ണാടക നല്‍കിയത്. ഇതില്‍ പലപ്പോഴും വൈകിയായിരുന്നു സിഗ്നല്‍ ലഭിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!