KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി തൊലിയുരിഞ്ഞുനില്‍ക്കുന്നു, നിയമപരമായി നേരിടാന്‍ നട്ടെല്ലുണ്ടോ?- കെ. സുധാകരന്‍

SHARE THIS ON

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലോടൂകൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ തൊലിയുരിഞ്ഞ് നില്‍ക്കുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. ഇനിയും കൂടുതല്‍ അപഹാസ്യനാകാന്‍ നിന്നുകൊടുക്കണോയെന്ന് അദ്ദേഹം സ്വയം തീരുമാനിക്കണം. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സംശയത്തിന്റെ ആനുകൂല്യം നല്‍കിയവര്‍ പോലും ഇപ്പോള്‍ മറിച്ചു ചിന്തിക്കുന്നുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരേ കടുത്ത ആരോപണം ഉന്നയിക്കാന്‍ അന്നത്തെ വിവാദ നായികയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെങ്കില്‍ ഇപ്പോള്‍ 30 കോടിയാണ് നല്‍കാന്‍ തയ്യാറായി നില്‍ക്കുന്നത്. കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാന്‍ സി.പി.എം. വിനിയോഗിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. ഭീഷണിക്ക് വഴങ്ങിയില്ലെങ്കില്‍ തീര്‍ത്തുകളുയുമെന്നാണ് ഭീഷണി. കൊന്നും കൊലവിളിച്ചും പാരമ്പര്യമുള്ളവരാണ് ഭരണത്തിലിരിക്കുന്നത്. സി.പി.എം. ഭരണത്തില്‍ കേരളം അധോലോകമായി മാറിയിരിക്കുന്നു. ഈ വിഷയത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ താത്വിക അവലോകനമല്ല വേണ്ടതെന്നും മറിച്ച് നിയമപരമായി നേരിടാന്‍ നട്ടെല്ലുണ്ടോയെന്നാണ് അറിയേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി മുമ്പ് പരാമര്‍ശിച്ചിട്ടുള്ള അവതാരങ്ങള്‍ ഓരോന്നായി കുടംതുറന്ന് പുറത്തുവരുകയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കോടികളുടെ ഇടപാടുകളും അധോലോകത്തിന്റെ നീക്കങ്ങളും പുറത്തുവരേണ്ടത് അനിവാര്യമാണ്. അതിന് ആവശ്യമായ നിയമപരവും ധാര്‍മികവുമായ നടപടികള്‍ സ്വീകരിക്കുമെന്നും സുധാകരന്‍ അറിയിച്ചു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!